മലയാളത്തിന്‍റെ പ്രിയതാരം ദുല്‍ഖര്‍ സൽമാന്‍റെ (Dulquer Salmaan) ആദ്യ ബോളിവുഡ് മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. ഹൃദയംതൊടുന്ന പ്രണയ ഗാനം 'ഹീരിയേ' (Heeriye Music Album) ആണ് റിലീസായത്. ജസ്‌ലീൻ റോയൽ (Jasleen Royal) ആണ് ഈ മനോഹര ഗാനത്തിന് പിന്നില്‍.
സംഗീത സംവിധാനത്തിന് പുറമെ ഗാനം ആലപിച്ചിരിക്കുന്നതും ദുൽഖറിന്‍റെ നായികയായി എത്തുന്നതും ജസ്‌ലീൻ റോയൽ തന്നെയാണ്. അർജിത് സിങിന് (Arijit Singh) ഒപ്പമാണ് ജസ്‌ലീൻ റോയൽ ഗാനം ആലപിച്ചിരിക്കുന്നത്. 'ദിൻഷഗ്ന ദാ', 'ഖോഗയേ ഹം കഹാൻ', 'ഡിയർ സിന്ദഗി', 'സാങ് റഹിയോ', 'രഞ്ജ' തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംഗീതജ്ഞയാണ് ജസ്‌ലീൻ റോയല്‍.
താനി തൻവിർ (Taani Tanvir) ആണ് ആൽബം സംവിധാനം ചെയ്‌തിരിക്കുന്നത്. ആദിത്യ ശര്‍മയുടേതാണ് (Aditya Sharma) ഗാനത്തിന്‍റെ വരികൾ. ജസ്‌ലീൻ റോയലിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന ഗാനം ശ്രദ്ധ നേടുകയാണ്.
കൗശല്‍ ഷാ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന വീഡിയോയുടെ എഡിറ്റിങ് കൈകാര്യം ചെയ്‌തിരിക്കുന്നത് ശ്വേതാ വെങ്കട്ടാണ്. ഏതാനും ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച് ഇനോടകം ബോളിവുഡില്‍ തന്‍റെ സാന്നിധ്യം അറിയിച്ച ദുല്‍ഖര്‍ ഇപ്പോൾ മ്യൂസിക് ആല്‍ബത്തിലൂടെയും പ്രേക്ഷകരുടെ മനം കീഴടക്കുകയാണ്. 'ഹീരിയേ'യുടെ റൊമാന്‍റിക് പോസ്‌റ്റർ പങ്കുവച്ച് ദുല്‍ഖര്‍ തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് വിവരം ആരാധകരെ അറിയിച്ചത്.
ആര്‍ ബല്‍കി സംവിധാനം ചെയ്‌ത 'ചുപ്: റിവെഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്' (Chup: Revenge of the Artist) എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്‍റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദുൽഖർ സൽമാനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സൈക്കോ - ത്രില്ലർ ചിത്രം 2022 സെപ്റ്റംബർ 23 നാണ് തിയേറ്ററുകളിൽ എത്തിയത്. ആര്‍ ബല്‍കി തന്നെ ആയിരുന്നു ചിത്രത്തിന്‍റെ രചനയും നിർവഹിച്ചത്.
അതേസമയം മലയാളത്തിന്‍റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' (King of Kotha) എന്ന ചിത്രമാണ് ദുല്‍ഖറിന്‍റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ആക്ഷന് പ്രാധാന്യമുള്ള ഒരു മാസ് ചിത്രമായിരിക്കും 'കിംഗ് ഓഫ് കൊത്ത' എന്നാണ് ഇതുവരെ പുറത്ത് വന്ന ട്രെയിലറിൽ നിന്നും പോസ്റ്ററുകളില്‍ നിന്നും എല്ലാം വ്യക്തമാവുന്നത്.
ഐശ്വര്യ ലക്ഷ്‌മി നായികയാകുന്ന ചിത്രത്തിൽ ഗോകുല്‍ സുരേഷ്, ഷബീര്‍, പ്രസന്ന, ശരണ്‍, ചെമ്പൻ വിനോദ്, സുധി കോപ്പ, ടി ജി രവി, പ്രശാന്ത് മുരളി, അനിഖ സുരേന്ദ്രൻ തുടങ്ങി ഒട്ടേറെ താരങ്ങളും അണിനിരക്കുന്നു. അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. നിമിഷ് രവി ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്യാം ശശിധരനാണ്.
READ ALSO:King of Kotha| 'രാജപിതാവിന്‍റെ അഭിഷേക കർമ്മം പൂർത്തിയായി, കൊത്തയുടെ രാജാവ് രാജകീയമായി വരുന്നു!': കുറിപ്പുമായി ഷമ്മി തിലകന്‍