സിനിമ പ്രേമികളെ ഓഗസ്റ്റ് 10 എന്ന ദിനത്തില്‍ കാത്തിരിക്കുന്നത് രണ്ട് 'ജയിലര്‍'മാർ . ഞെട്ടേണ്ട, ഒരേ പേരിലുള്ള രണ്ട് ചിത്രങ്ങള്‍ കൃത്യം ഒരേ ദിവസം തന്നെ തിയേറ്ററുകളില്‍ എത്താൻ പോവുകയാണ്. രജനികാന്തിനെ (Rajinikanth) നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്‌ത തമിഴ് ചിത്രം 'ജയിലറും' ധ്യാന്‍ ശ്രീനിവാസനെ (Dhyan Sreenivasan) നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്‌ത മലയാള ചിത്രം 'ജയിലറു'മാണ് ഓഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ എത്തുക.
ഒരേ പേരിലുള്ള നിരവധി സിനിമകള്‍ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. പല ഭാഷകളിലും, ഒപ്പം ഒരേ ഭാഷയിലും തന്നെ അത്തരം നിരവധി ചിത്രങ്ങള്‍ നമുക്ക് കാണാനാകും. പക്ഷേ അവയൊക്കെ റിലീസ് ചെയ്‌തിരിക്കുന്നത് പല കാലങ്ങളിലായാകും. എന്നാല്‍ ഒരേ പേരിലുള്ള രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം തന്നെ തിയേറ്ററുകളില്‍ എത്തുന്ന അപൂര്‍വ സംഭവത്തിന് കേരളം സാക്ഷിയാകാൻ പോവുകയാണ്.
രജനികാന്ത് ചിത്രം ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ജയിലറു'ടെ റിലീസ് തീയതി ചിത്രത്തിന്‍റെ നിർമാതാക്കൾ പുറത്ത് വിട്ടത്. അതേസമയം 'ജയിലര്‍' എന്ന ടൈറ്റിലുമായി ബന്ധപ്പെട്ട് ഇരു ചിത്രങ്ങളുടെയും നിർമാതാക്കൾ തമ്മിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്.
സിനിമകളുടെ പേരിലെ സാമ്യം ചൂണ്ടിക്കാട്ടി തമിഴ് ചിത്രത്തിന്‍റെ നിർമാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് മലയാള ചിത്രത്തിന്‍റെ അണിയറക്കാര്‍ നേരത്തെ തന്നെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ലെന്നായിരുന്നു സണ്‍ പിക്‌ചേഴ്‌സിന്‍റെ മറുപടി. തുടർന്ന് മലയാള ചിത്രത്തിന്‍റെ അണിയറക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹർജി ഓഗസ്റ്റ് 2ന് പരിഗണിക്കും.