ധനുഷ് ആരാധകർ ഒന്നടങ്കം ഒരു സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണ്, 'ക്യാപ്റ്റൻ മില്ലർ'. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പോസ്റ്ററുകളും ഗ്ലിംപ്‌സുമെല്ലാം ആരാധകരെ ആവേശഭരിതരാക്കിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ആവേശത്തെ വാനോളം ഉയർത്തി 'ക്യാപ്റ്റൻ മില്ല'റിലെ ആദ്യ ഗാനം പുറത്തു വന്നിരിക്കുകയാണ്.
ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച 'കില്ലർ കില്ലർ' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Dhanush starrer Captain Miller movie Killer Killer Lyrical video out). ആസ്വാദകരുടെ നെഞ്ചിടിപ്പേറ്റുന്ന ഈ തീപ്പൊരി ഗാനം ആലപിച്ചിരിക്കുന്നത് ധനുഷ് തന്നെയാണ് എന്നതാണ് മറ്റൊരു സവിശേഷത. ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെയും സിനിമയുടെ കഥയെയും കുറിച്ചുള്ള സൂചനകൾ നൽകുന്നതാണ് ഗാനത്തിലെ വരികൾ.
കബേർവാസുകി ആണ് ഗാനത്തിന്‍റെ വരികൾക്ക് പിന്നിൽ. 'യു ബിലീവ് ഇൻ ഡെവിൾ ? ഐ ആം ദി ഡെവിൾ... ആൻഡ് യു വിൽ കാൾ മി ക്യാപ്റ്റൻ മില്ലർ' ഇങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. സരിഗമയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്‌തിരിക്കുന്നത്. മണിക്കൂറിനകം തന്നെ യൂട്യൂബിലെ കാഴ്‌ചക്കാരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്.
പുതുവർഷത്തിൽ തിയേറ്ററുകളിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് 'ക്യാപ്റ്റൻ മില്ലർ'. 2024 പൊങ്കൽ റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഈ വർഷം ഡിസംബറിലായിരുന്നു 'ക്യാപ്റ്റൻ മില്ലർ' റിലീസിന് എത്തേണ്ടിയിരുന്നുത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാലാണ് റിലീസിൽ മാറ്റം വരുത്തിയത്.
അരുൺ മാതേശ്വരൻ ആണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ധനുഷിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്. സത്യജ്യോതിയുടെ ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന 'ക്യാപ്റ്റൻ മില്ലർ' സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമിക്കുന്നത്.
ധനുഷിന്‍റെ 47-ാമത് ചിത്രം കൂടിയാണ് 'ക്യാപ്റ്റൻ മില്ലർ'. നേരത്തെ പുറത്തുവന്ന താരത്തിന്‍റെ ക്യാരക്‌ടർ പോസ്റ്ററും ഫസ്റ്റ് ലുക്കുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ തരംഗം തീർത്തിരുന്നു. നീട്ടി വളർത്തിയ താടിയും മുടിയുമായി വേറിട്ട ലുക്കിലാണ് ധനുഷ് 'ക്യാപ്റ്റൻ മില്ലറി'ലെത്തുന്നത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. ചിത്രത്തിലെ പ്രമോഷണൽ വീഡിയോകളും വൈറലായിരുന്നു.
ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹനും പ്രധാന വേഷത്തിലുണ്ട്. ശിവ് രാജ് കുമാർ, നാസർ, ബാല ശരവണൻ, ജോൺ കോക്കൻ, മൂർ, സന്ദീപ് കിഷൻ, നിവേദിത സതീഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിദ്ധാർത്ഥ നൂനി ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവഹിക്കുന്നത് നാഗൂരൻ രാമചന്ദ്രൻ ആണ്. മദൻ കർക്കിയാണ് ചിത്രത്തിനായി സംഭാഷണം എഴുതിയിരിക്കുന്നത്. സൗണ്ട് മിക്‌സിംഗ് രാജാകൃഷ്‌ണനും കൈകാര്യം ചെയ്യുന്നു. ദിലീപ് സുബ്ബരായൻ ആണ് ആക്ഷൻ കോറിയോഗ്രഫി. പി ആർഒ - പ്രതീഷ് ശേഖർ.
READ MORE:'ക്യാപ്റ്റൻ മില്ലറി'ൽ ഞെട്ടിക്കാൻ സന്ദീപ് കിഷൻ, അമ്പരപ്പിക്കുന്ന മേക്കോവറിൽ പ്രിയങ്ക മോഹൻ