ഇവനാണോ നടൻ ? ഡാൻസ് അറിയില്ല, ഫൈറ്റ് ചെയ്യാൻ വശമില്ല, നടപ്പിന് ഒരു ഇമ്പമില്ല, ചിരിക്കും ഭംഗിയില്ല. സിനിമാലോകത്തേക്ക് ഒരുപാട് സ്വപ്‌നങ്ങളുമായി എത്തിയ ഒരു പുതുമുഖ നടനെ പറ്റി ചില തമിഴ് മാധ്യമങ്ങളും നിരൂപകരും എഴുതിയത് ഇങ്ങനെയൊക്കെയായിരുന്നു. എന്നാൽ വിമർശനങ്ങളില്‍ തളർന്ന് പോയില്ല ആ 22കാരൻ. കാരണം അയാളുടെ പേര് സൂര്യ ശിവകുമാർ എന്നാണ്. രാജ്യത്തെ മികച്ച നടന്‍മാരിലൊരാളായി മാറിയ സൂര്യയുടെ വിജയഗാഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
'നേര്ക്കു നേര്' എന്ന ചിത്രത്തിലൂടെ തന്‍റെ 22ാമത്തെ വയസിലാണ് സൂര്യ തമിഴ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. സാക്ഷാല്‍ മണിരത്‌നം ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധായകൻ. എന്നാല്‍ 1997ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് വിജയം നേടാനായില്ല. പിന്നീടിറങ്ങിയ സൂര്യയുടെ പല ചിത്രങ്ങളും പരാജയം രുചിച്ചു. ഇതിനിടെയാണ് അഭിനയിക്കാൻ അറിയില്ലെന്നും ഭാവങ്ങൾ വരുന്നില്ലെന്നുമുള്ള കളിയാക്കലുകൾക്ക് സൂര്യ വിധേയനാകുന്നത്.
തന്‍റെ സിനിമാജീവിതത്തിന്‍റെ തുടക്കകാലം അതി കഠിനമായിരുന്നുവെന്ന് സൂര്യ ഒരഭിമുഖത്തിൽ പറഞ്ഞതിന്‍റെ വ്യാപ്‌തി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ തോറ്റ് പിൻമാറാതെ ഓരോ നിമിഷവും അയാൾ സ്വയം പുതുക്കിക്കൊണ്ടേയിരുന്നു. അങ്ങനെ 2001ൽ കരിയറിലെ ആദ്യ വിജയം നേടാൻ സൂര്യയ്ക്കായി. 'നന്ദ' എന്ന ചിത്രമാണ് നടന്‍റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്.
2003ൽ ഗൗതം വാസുദേവ് മേനോന്‍റെ സംവിധാനത്തില്‍ പുറത്തുവന്ന ‘കാഖ കാഖ‘ എന്ന ചിത്രം സൂര്യയെ തെന്നിന്ത്യയ്‌ക്ക് ആകെ പ്രിയങ്കനാക്കി മാറ്റി. പോലീസ് വേഷത്തില്‍ സൂര്യ അത്ഭുതപ്പെടുത്തിയ ഈ ചിത്രം അദ്ദേഹത്തിന്‍റെ ആദ്യത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി മാറി. പിന്നീട് വിക്രമിനൊപ്പം 'പിതാമഗൻ' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി ഞെട്ടിച്ചു സൂര്യ. വേറിട്ട പകർന്നാട്ടത്തിലൂടെ നിരൂപക പ്രശംസ നേടിയ താരത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടാനായി.
പൊരുതി നേടിയത് തന്നെയാണ് സൂര്യ ഇന്ന് അലങ്കരിക്കുന്ന താര പദവി. തമിഴ് സിനിമയിലെ പ്രശസ്‌തനായ നടനും നിർമാതാവുമൊക്കെയായ ശിവകുമാറിന്‍റെ മകനായിരുന്നിട്ടും അച്ഛന്‍റെ പേര് പറഞ്ഞ് സൂര്യ എവിടെയും പ്രീതി നേടാൻ ശ്രമിച്ചിട്ടില്ല. ഓരോ നിമിഷവും സ്വയം പുതുക്കി, കുറവുകൾ പരിഹരിച്ച് കഠിന പ്രയത്നത്തിലൂടെയാണ് അയാൾ എല്ലാം വെട്ടിപ്പിടിച്ചത്.
മുൻപ് പരിഹസിച്ചവരും വിമർശിച്ചവരും പിൽക്കാലത്ത് ഒരുപോലെ പറഞ്ഞു, 'സൂര്യ... നീ നടന്താൽ നടയഴക്, നീ സിരിച്ചാൽ സിരിപ്പഴക്, നീ താനെ നടിപ്പിൻ നെടുനായകൻ...' അതെ, നടിപ്പിൻ നായകനാണ് സൂര്യ, 48ന്‍റെ ചെറുപ്പവും ചുറുചുറുക്കുമായി അയാൾ തമിഴകത്തിന്‍റെ മുഖമായി ഇന്നും ശിരസുയർത്തി തന്നെ നിൽക്കുന്നു. പുതിയ വേഷങ്ങൾ തേടി, പുതിയ ഭാവങ്ങൾ പകർത്തി.
ഗജിനിയും വാരണം ആയിരവും
സൂര്യയുടെ ആദ്യകാല അഭിനയ ജീവിതത്തില്‍ എടുത്തുപറയേണ്ട രണ്ട് ചിത്രങ്ങളാണ് 'ഗജിനി'യും 'വാരണം ആയിര'വും. ഈ രണ്ട് സിനിമകൾക്കും ഇന്നും ഒരു പ്രത്യേക ഫാൻ ബേസുണ്ടെന്ന് വേണം പറയാൻ. എ ആർ മുരുഗദോസ് സംവിധാനം ചെയ്‌ത സൈക്കോളജിക്കൽ ത്രില്ലറാണ് 'ഗജിനി'. ഈ ചിത്രം സൂര്യയുടെ ജനപ്രീതി ഇരട്ടിയാക്കി. ക്രിസ്റ്റഫർ നോളന്‍റെ 'മെമെന്‍റോ' എന്ന ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മുരുഗദോസ് ഗജിനി ഒരുക്കിയത്. സൂര്യയ്‌ക്കൊപ്പം അസിൻ, നയൻതാര, റിയാസ് ഖാൻ തുടങ്ങിയവരായിരുന്നു മുഖ്യവേഷങ്ങളിൽ എത്തിയത്. സൂര്യയുടെ സഞ്ജയ് രാമസാമി ആരാധകർക്ക് ഇന്നും പ്രധാനപ്പെട്ട കഥാപാത്രമാണ്.
അച്ഛനായും മകനായും സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രമായിരുന്നു ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത 'വാരണം ആയിരം'. പതിനാറുകാരൻ പയ്യനായും 60കാരനായും പരകായപ്രവേശം നടത്തി ഞെട്ടിച്ചു സൂര്യ. ഡാഡീ ഡാഡീ എന്നുവിളിച്ച് അച്ഛന്‍റെ ജീവിതത്തോട് ചേർന്നുനിന്ന മകനെ വൈകാരികത ഒട്ടുംചോരാതെ പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിലെ നടന് കഴിഞ്ഞു.