മൂലംകുഴിയുടെ 'മൂ'യും സഹദേവന്‍റെ 'സ'യും...മൂസ..സിഐഡി മൂസ...സിഐഡി മൂസയുടെ 20 വർഷങ്ങൾ..
മലയാളികൾ ഏറെ ഇഷ്‌ടപ്പെടുന്ന ചിത്രമാണ് ജോണി ആന്‍റണിയുടെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ സിഐഡി മൂസ. പ്രമേയം കൊണ്ടും അവതരണമികവ് കൊണ്ടും വേറിട്ട നർമ്മ മുഹൂർത്തങ്ങൾ കൊണ്ടും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം തിയേറ്ററുകളിൽ നിന്നും വലിയ വിജയം കൊയ്‌തിരുന്നു.
മലയാള സിനിമയിലെ ഏറ്റവും രസകരമായ ക്ലൈമാക്‌സൊരുക്കിയ, ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ചിരിപ്പൂരം സമ്മാനിച്ച ചിത്രം. സിനിമയിലെ പല ഡയലോഗുകളും ഇന്നും നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവരുണ്ട്. അത്രത്തോളമാണ് സിനിമയിലെ കൗണ്ടറുകൾ ഉണ്ടാക്കിയ ഇംപാക്‌ട്.
മൂലംകുഴിയിൽ സഹദേവൻ, തൊരപ്പൻ കൊച്ചുണ്ണി, എസ് ഐ പീതാംബരൻ, കോൺസ്റ്റബിൾ വിക്രമൻ, കരുണൻ ചന്തക്കവല തുടങ്ങി പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച കോമഡി കഥാപാത്രങ്ങൾ. ഓരോ കഥാപാത്രങ്ങളും അവരുടെ സീനുകളിൽ പൂണ്ടുവിളയാടി.
പ്രകടനത്തിലൂടെ പടർത്തിയ പൊട്ടിച്ചിരി.. ദിലീപ്, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സലിം കുമാർ, ഒടുവിൽ ഉണ്ണികൃഷ്‌ണൻ, ഭാവന, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ആശിഷ് വിദ്യാർഥി, വിജയരാഘവൻ, ക്യാപ്‌റ്റൻ രാജു തുടങ്ങി ഗംഭീര താരനിരയായിരുന്നു ചിത്രത്തിലേത്. ആശിഷ് വിദ്യാർഥിയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു സിഐഡി മൂസ.
അർജുൻ എന്ന നായയും ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു. ആർട്ടിസ്റ്റുകളെ പോലും അമ്പരപ്പിക്കുന്ന പെർഫോമൻസാണ് അർജുൻ കാഴ്‌ചവച്ചതെന്ന് ജോണി ആന്‍റണി അടുത്തിടെ ഒരു ഇന്‍റർവ്യൂവിൽ പറഞ്ഞിരുന്നു. ഹരിശ്രീ അശോകൻ അവതരിപ്പിച്ച തൊരപ്പൻ കൊച്ചുണ്ണിയും കൊച്ചിൻ ഹനീഫയുടെ കോൺസ്റ്റബിൾ വിക്രമനും ജഗതിയുടെ എസ് ഐ പീതാംബരനും ക്യാപ്‌റ്റൻ രാജുവിന്‍റെ കരുണൻ ചന്തക്കവല എന്ന കഥാപാത്രവും കോമഡി സീനുകളില്‍ മത്സരിച്ച് അഭിനയിച്ചു.
'സിഐഡി സമൂ..'പൊലീസുകാരന്‍റെ മകനായ സഹദേവന് അച്ഛന്‍റെ പാതയിൽ തന്നെ എസ്ഐ ആകാനായിരുന്നു ആഗ്രഹം. എന്നാൽ ഉന്നതരുടെ കണ്ണിലെ കരടായി മാറുന്നതോടെ സഹദേവന് നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവരുന്നു. പിന്നീട് തൊരപ്പൻ കൊച്ചുണ്ണിയും, കോൺസ്റ്റബിൾ വിക്രമനുമൊപ്പം, ഒടുവിൽ ഉണ്ണികൃഷ്‌ണന്‍റെ അച്ഛൻ കഥാപാത്രത്തിനുമൊപ്പം സഹദേവൻ പ്രൈവറ്റ് ഡിറ്റക്‌ടീവ് ഏജൻസി ആരംഭിക്കുന്നതോടെ ചിത്രത്തിന്‍റെ ഗതി തന്നെ മാറുകയാണ്.