ബിബിൻ ജോർജ് നായകനായി പുതിയ ചിത്രം വരുന്നു (Bibin George's New Movie Gumasthan). മുസാഫിർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ബിബിൻ ജോർജ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഈ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'ഗുമസ്‌തൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് (Gumasthan Movie Title Poster Out).
തികഞ്ഞ ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും ശ്രദ്ധേയ വേഷത്തിലുണ്ട്. പുതുമുഖം നീമ മാത്യുവാണ് ചിത്രത്തിലെ നായിക. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത് എന്നാണ് വിവരം.
ഒരു നാട്ടിൽ കൊലപാതകം നടക്കുകയും പിന്നീടത് വലിയ ചർച്ചയായി മാറുകയും ചെയ്യുന്നു. ഈ കൊലപാതകത്തിന്‍റെ ദുരൂഹതകൾ തേടി നീതിപാലകരും മാധ്യമങ്ങളും ഇറങ്ങുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. പൊലീസും നിയമത്തിന്‍റെ പഴുതുകളെ സ്വാർഥതയോടെ കൈകാര്യം ചെയ്യുന്നവരും തമ്മിലുള്ള പോരാട്ടം കൂടിയാണ് ഈ ചിത്രം.
റിയാസ് ഇസ്‌മത്താണ് 'ഗുമസ്‌ത'ന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡോ. റോണി രാജ്, അസീസ് നെടുമങ്ങാട്, കൈലാഷ്, മഖ്ബൂൽ സൽമാൻ, ജയ്‌സ് ജോസ്, ഷാജു ശ്രീധർ, പ്രശാന്ത് അലക്‌സാണ്ടർ, ഐഎം വിജയൻ, ഉണ്ണി ലാലു, ആദിൽ ഇബ്രാഹിം, ആനന്ദ് റോഷൻ, ജോയ് ജോൺ ആൻ്റണി, ടൈറ്റസ് ജോൺ, ഫൈസൽ മുഹമ്മദ്, ജീമോൻ ജോർജ്, വിജി മാത്യുസ് സ്‌മിനു സിജോ, ബിന്ദു സജീവ്, സുധീഷ് തിരുവമ്പാടി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കുഞ്ഞുണ്ണി എസ് കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ അയൂബ് ഖാൻ ആണ്. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് സ്റ്റീഫൻ ദേവസി സംഗീതം പകരുന്നു. ബിനോയ് എസ് പ്രസാദാണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഒക്‌ടോബർ 24 മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏറ്റുമാനൂർ, കിടങ്ങൂർ, പാലക്കാട് ഭാഗങ്ങളിലായാകും ഈ സിനിമയുടെ ഷൂട്ടിംഗും പൂർത്തിയാകുക.
കലാസംവിധാനം - രജീഷ് കെ സൂര്യ, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം ഡിസൈൻ -ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം - അമൽ അനിരുദ്ധൻ, പ്രൊജക്‌ട് ഡിസൈൻ - നിബിൻ നവാസ്, അസോസിയേറ്റ് ഡയറക്‌ടർ - അമൽദേവ് കെആർ, ലൈൻ പ്രൊഡ്യൂസർ - നിജിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം 'എതിരെ' ആണ് അമൽ കെ ജോബിയുടേതായി പ്രദർശനത്തിന് തയാറെടുത്തിരിക്കുന്ന ചിത്രം. റഹ്മാൻ, ഗോകുൽ സുരേഷ് എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാങ്കിങ് അവേഴ്‌സ് 10-4 എന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയാണ് അമൽ കെ ജോബി ചലച്ചിത്ര രംഗത്തെത്തിയത്. കെ മധു ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധായകൻ.