മുംബൈ: ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഗാസ്റ്റാർ അമിതാഭ് ബച്ചൻ വീണ്ടും സിനിമ ചിത്രീകരണത്തിന്‍റെ തിരക്കുകളിലേക്ക്. ഔദ്യോഗിക ബ്ലോഗിലൂടെ ജോലി പുനരാരംഭിച്ചു എന്ന് താരം അറിയിച്ചു. തന്‍റെ നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ചും താരം ബ്ലോഗിലൂടെ പങ്കുവച്ചു.
'പരിക്കിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും പൂർവ്വാധികം ആരോഗ്യവാനായി മാറാനുള്ള ശ്രമം നമ്മൾ നടത്തിക്കൊണ്ടിരിക്കണം. ഈ സാഹചര്യത്തിൽ എനിക്ക് കരുതലും സ്നേഹവും തന്ന് പിന്തുണച്ച കുടുംബത്തിനും ആരാധകർക്കും അഭ്യുദയകാംഷികൾക്കും നന്ദി' ബച്ചൻ കുറിച്ചു. വർക്ക് ഷെഡ്യൂളുകൾ പൂർത്തിയായി. ചാർട്ടുകൾ വീണ്ടും നിറയാൻ തുടങ്ങുന്നു. നിറഞ്ഞ സന്തോഷം. എന്തെന്നാൽ ജോലിയേക്കാൾ നല്ല വിനോദം വേറെയില്ല. വാരിയെല്ലും കാൽവിരലും കലാപത്തിന്‍റെ അവസ്ഥയിലാണ്. എന്നാൽ കലാപങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ബ്ലോഗിൽ കൂട്ടിച്ചേർത്തു.
അമിതാഭ് ബച്ചന്‍റെ ഏറ്റവും പുതിയ ചിത്രമായ പ്രൊജക്‌ട് കെയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഹൈദരാബാദ് സെറ്റിൽ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിന്‍റെ വാരിയെല്ലിന് പരിക്കേൽക്കുകയായിരുന്നു. വിവരം അമിതാഭ് ബച്ചൻ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
തന്‍റെ വാരിയെല്ലിന് പൊട്ടലുണ്ടായി എന്നും ഇത് വളരെ വേദനാജനകമാണെന്നുമായിരുന്നു താരം കുറിച്ചത്. പരിക്ക് പൂർണമായും ഭേദമാകുന്നതുവരെ എല്ലാ പ്രൊജക്‌ടുകളും താത്കാലികമായി നിർത്തിവയ്‌ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മുംബൈയിലെ വസതിയായ ജൽസയിൽ വിശ്രമത്തിലാണെന്നും അത്യാവശ്യ കാര്യങ്ങൾക്കായി ഇപ്പോൾ മൊബൈലിനെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകരെ കാണാൻ കഴിയുന്ന അവസ്ഥയിൽ അല്ലെന്നും അതിനാൽ ആരും ജൽസയുടെ ഗേറ്റിന് മുന്നിൽ വരരുതെന്നും അമിതാഭ് ബച്ചൻ കൂട്ടിച്ചേർത്തു.
വാരിയെല്ലിലെ പരിക്കിന് പുറമെ കാലിലെ വേദനയും കടുത്ത ബുദ്ധിമുട്ടിലാക്കിയിരുന്നു എന്ന് താരം കഴിഞ്ഞ ദിവസം ബ്ലോഗിൽ കുറിച്ചിരുന്നു. വേദന കൂടുതലായി അനുഭവപ്പെടുമ്പോൾ കാല് ചൂടുവെള്ളത്തിൽ മുക്കി വയ്‌ക്കും, എന്നിട്ടും വേദന മാറുന്നില്ല എന്നും അദ്ദേഹം ബ്ലോഗിൽ വ്യക്തമാക്കി.