തമിഴകത്ത് ആരാധകപിന്തുണയില്‍ മുന്നില്‍ നില്‍ക്കുന്ന സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്യാറുളള നടന്‍റെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. അജിത്തിന്‍റെ പുതിയ സിനിമകള്‍ക്കായെല്ലാം വലിയ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. റൊമാന്‍റിക്ക് ഹീറോയില്‍ നിന്നും കോളിവുഡിലെ താരമൂല്യമേറിയ സൂപ്പര്‍താരമായി എത്തിനില്‍ക്കുന്നതാണ് ഏകെയുടെ വളര്‍ച്ച.
തമിഴ് സൂപ്പര്‍സ്റ്റാറിന്‍റെ 52ാം പിറന്നാള്‍ ദിവസമാണിന്ന്. അജിത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ആഘോഷങ്ങളെല്ലാം ആരാധകര്‍ നേരത്തെ തുടങ്ങിയിരുന്നു. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. എകെയുടെ ജന്മദിനത്തില്‍ ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനമായാണ് പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. അജിത് 62 എന്ന് നേരത്തെ താത്‌കാലികമായി പേരിട്ടിരുന്ന സിനിമയുടെ ടൈറ്റിലാണ് പുറത്തുവന്നിരിക്കുന്നത്.
വിടാമുയര്‍ച്ചി എന്നാണ് തമിഴ് സൂപ്പര്‍താരത്തിന്‍റെ പുതിയ സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് അജിത്ത് ചിത്രത്തിന്‍റെ അപ്‌ഡേറ്റ് പുറത്തുവിട്ടത്. തമിഴിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന മഗിഴ് തിരുമേനിയാണ് സിനിമ സംവിധാനം ചെയ്യുക. വിടാമുയര്‍ച്ചിയുടെ ടൈറ്റില്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. 'പ്രയത്‌നങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല' എന്നതാണ് പോസ്റ്ററിലെ ടാഗ്‌ലൈന്‍. അനിരുദ്ധ് രവിചന്ദറാണ് അജിത്ത് ചിത്രത്തിന് സംഗീതമൊരുക്കുക.
അജിത്തിന്‍റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ തുനിവിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്‌ത ചിത്രം ഈ വര്‍ഷം പൊങ്കല്‍ റിലീസായാണ് എത്തിയത്. ബോക്സോഫിസ് കലക്ഷനില്‍ നേട്ടമുണ്ടാക്കിയെങ്കിലും ചിത്രത്തെ കുറിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങളായിരുന്നു സിനിമപ്രേമികള്‍ പങ്കുവച്ചത്. തുനിവില്‍ മഞ്ജു വാര്യര്‍ അജിത്തിന്‍റെ നായികയായി വേഷമിട്ടു.
തുനിവിന് ശേഷമുളള അജിത്ത് ചിത്രം വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുകള്‍ വന്ന്. എന്നാല്‍ പിന്നീട് അജിത്ത് ചിത്രത്തില്‍ നിന്ന് വിഘ്നേഷ് പിന്മാറി. അതേസമയം തന്നെ സൂപ്പര്‍താരത്തിന്‍റെ അടുത്ത പ്രോജക്‌ടായ അജിത്ത് 63 വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ ശക്‌തമാണ്.