ചെന്നൈ : തൃഷ അടക്കമുള്ള തെന്നിന്ത്യന്‍ നടിമാരെ ബന്ധപ്പെടുത്തി സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ മാപ്പുപറഞ്ഞ് നടൻ മൻസൂർ അലി ഖാൻ (Mansoor Ali Khan apologizes). വാർത്താക്കുറിപ്പിലൂടെയാണ് മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞത്. സഹപ്രവർത്തകയായ തൃഷയെ തന്‍റെ പരാമർശം വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നുവെന്നും ഇതിൽ താൻ പരസ്യമായി മാപ്പ് പറയുന്നു എന്നുമാണ് മൻസൂർ അലി ഖാൻ കുറിച്ചത്.
ദേശീയ വനിത കമ്മിഷന്‍റെ (National Commission For Women) പരാതിയുടെ അടിസ്ഥാനത്തിൽ തൗസന്‍റ് ലൈറ്റ് വനിത പൊലീസ് മൻസൂർ അലി ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് മൻസൂർ അലി ഖാൻ സ്റ്റേഷനിൽ ഹാജരായി. തൃഷ അടക്കമുള്ള നടിമാര്‍ക്കെതിരെ നടത്തിയ പരാമർശം അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്ന് മൻസൂർ അലി ഖാൻ പൊലീസിന് മൊഴി നൽകുകയും ചെയ്‌തു.
മൻസൂറിന്‍റെ വിവാദ പരാമർശം (Sexist Remarks Against Trisha): അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിലാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമായി 'ബെഡ് റൂം സീൻ' പങ്കിടാന്‍ അവസരം ലഭിച്ചില്ല എന്നായിരുന്നു ഇയാൾ പറഞ്ഞത്. മുൻപ് സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ല.
താൻ ചെയ്‌ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ല എന്നും മൻസൂർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കടുത്ത വിമർശനവുമായി തമിഴ് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തി.
Also read:'മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു, ഇനി ഒപ്പം അഭിനയിക്കില്ല' ; മൻസൂർ അലി ഖാനെതിരെ ആഞ്ഞടിച്ച് തൃഷ
മൻസൂർ അലി ഖാനെതിരെ തൃഷയും രൂക്ഷ വിമർശനം ഉന്നയിച്ചു. മൻസൂറിന്‍റെ നീചവും വെറുപ്പുളവാക്കുന്നതുമായ വാക്കുകളെ ശക്തമായി അപലപിക്കുന്നു എന്ന് തൃഷ ട്വിറ്ററിൽ കുറിച്ചു. മൻസൂറിനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നതിൽ സന്തോഷവതിയാണെന്നും ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു.
മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കണ്ടു. അതിനെ ശക്തമായി അപലപിക്കുകയാണ്. അശ്ലീലം, അനാദരവ്, സ്‌ത്രീവിരുദ്ധത, വെറുപ്പുളവാക്കൽ എന്നിവ നിറഞ്ഞതാണ് അയാളുടെ വാക്കുകൾ. അയാളെപ്പോലെ ഒരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ ഇപ്പോൾ സന്തോഷവതിയാണ്. എന്‍റെ സിനിമാജീവിതത്തില്‍ ഇനി അത് ഒരിക്കലും സംഭവിക്കില്ല - തൃഷ ട്വീറ്റ് ചെയ്‌തു.
'തന്‍റേത് ഡാർക്ക് കോമഡി': തന്‍റേത് ഡാർക്ക് കോമഡിയാണെന്നും ആരോ എഡിറ്റ് ചെയ്‌ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു വിവാദത്തിൽ മൻസൂറിന്‍റെ ആദ്യ വിശദീകരണം. ഹനുമാൻ സഞ്ജീവനി മല ഉയർത്തി വന്നതുപോലെ വിമാനത്തിൽ അവരെന്നെ കശ്‌മീരിലേക്ക് കൊണ്ടുപോവുകയും അതുപോലെ തന്നെ വീട്ടിലേക്ക് എത്തിക്കുകയുമായിരുന്നു. പഴയതുപോലെ നടിമാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന വസ്‌തുത സരസമായി പറഞ്ഞതാണെന്നുമായിരുന്നു നടന്‍റെ വിശദീകരണം.
Also read:തന്‍റേത് ഡാർക്ക് കോമഡി, തൃഷ തെറ്റിദ്ധരിച്ചു; വിവാദ പരാമർശത്തിൽ വിശദീകരണവുമായി മൻസൂർ അലി ഖാൻ