'മൈ ഫോൺ നമ്പർ ഈസ് 2255..'
1980... മലയാള സിനിമയുടെ സുവർണകാലമെന്ന് പലരും വാഴ്‌ത്തിപ്പാടിയ എൺപതുകൾ.. സുവർണകാലത്തെ പൊൻതൂവലായി 1986 ജൂലൈ 17 തിയേറ്ററുകളിലേക്കെത്തിയത് ബോക്‌സ് ഓഫിസ് ചരിത്രത്തിലെ തന്നെ പുതിയ ഒരു അധ്യായമായിരുന്നു.. 'രാജാവിന്‍റെ മകൻ...'ചിത്രം പിറന്നുവീണിട്ട് ഇന്നേക്ക് 37 വർഷം
'രാജുമോൻ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദർ ആരാണെന്ന്.. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്.. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്.. പിന്നീട് അവൻ എന്നെ കളിയാക്കി വിളിച്ചു.. പ്രിൻസ്.. അതേ, അണ്ടർവേൾഡ് പ്രിൻസ്.. അധോലോകങ്ങളുടെ രാജകുമാരൻ..'ഈ ഡയലോഗ് കേട്ട് പ്രേക്ഷകർ കോരിത്തരിച്ചു... മോഹൻലാൽ എന്ന സൂപ്പർതാരം അന്ന് ഉദയം കൊണ്ടു..
അധോലോക നായകനായ വിൻസന്‍റ് ഗോമസും വക്കീലായ നാൻസിയും രാഷ്‌ട്രീയക്കാരനായ കൃഷ്‌ണദാസും മുഖ്യ കഥാപാത്രങ്ങൾ.. കൃഷ്‌ണദാസിന്‍റെ രാഷ്‌ട്രീയ മോഹത്തോടെ കെട്ടടങ്ങുന്ന നാൻസി-കൃഷ്‌ണദാസ് 'തേപ്പു'കഥ.. അണ്ടർവേൾഡ് കിംഗായ വിൻസന്‍റ് ഗോമസ് എന്ന 'ക്രൂരൻ'.. രാഷ്‌ട്രീയാധികാരത്തിന്‍റെ കൊടുമുടിയിൽ നിൽക്കുന്ന കൃഷ്‌ണദാസിന്‍റെയും അധോലോകം ഭരിക്കുന്ന വിൻസന്‍റ് ഗോമസിന്‍റെയും ഇടയിൽ സ്വന്തം ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്ന നാൻസി.. കഥാപാത്രങ്ങൾ ഒരോന്നും പ്രേക്ഷകനിലേക്ക് ആഴ്‌ന്നിറങ്ങി.
വിൻസന്‍റ് ഗോമസ് എന്ന എവർഗ്രീൻ ഹിറ്റ് :അടിയും ഇടിയും കൊല്ലും കൊലയുമായി നടക്കുന്ന ഗുണ്ടയുടെ മകനായ വിൻസന്‍റ് ഗോമസ്.. ആ അച്ഛനെയാണ് അയാൾ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത്.. 'രാജാവ്' എന്ന പദപ്രയോഗത്തിലൂടെ വിൻസന്‍റും 'രാജാവിന്‍റെ മകൻ' എന്ന് വിൻസന്‍റിനെ കളിയാക്കി വിളിക്കുന്ന രാജുമോനും പറഞ്ഞുവക്കുന്നത് പാരമ്പര്യ രാജപദവിയെക്കുറിച്ചല്ല, മറിച്ച് പണം കൊണ്ട് ആർജിച്ചെടുക്കാവുന്ന അധികാര പദവിയെക്കുറിച്ചാണ്.. സമൂഹം അംഗീകരിക്കാൻ മടിക്കുന്ന 'രാജപദവി'..
ആധുനിക സൗകര്യങ്ങളിൽ ജീവിക്കുന്ന പാന്‍റും ഷർട്ടും ധരിച്ച് പിരിച്ചുവച്ച മീശയുമായി പ്രൗഢിയോടെ നടക്കുന്ന വിൻസന്‍റ് ഗോമസ്.
'യെസ് ഐ ആം പ്രിൻസ്.. അണ്ടർവേൾഡ് പ്രിൻസ്.. അധോലോകങ്ങളുടെ രാജകുമാരാൻ'
'വിൻസന്‍റ് ഗോമസിനെ ചതിച്ചവരാരും ഇപ്പോൾ ജിവിച്ചിരിപ്പില്ല..'
'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും..'
എന്നിങ്ങനെ കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളിലൂടെ അയാൾ ഒരേസമയം ക്രൂരനായ വില്ലനും വീരനായ നായകനുമാകുന്നു. യഥാർഥത്തിൽ ചിത്രത്തിലെ വില്ലനായി എഴുതപ്പെട്ട കൃഷ്‌ണദാസും നായകനായ വിൻസന്‍റ് ഗോമസും നന്മയുടെ പ്രതീകങ്ങളായിരുന്നില്ല.
കൃഷ്‌ണദാസുമായുള്ള ശത്രുത ഗോമസിന്‍റെ ജീവിതത്തെ ദുരന്തമാക്കുകയാണ്. വില്ലനുമേലുള്ള നായകന്‍റെ വിജയം കണ്ടുപഴകിയ സിനിമാപ്രേക്ഷകർക്ക് ചിത്രത്തിലെ ക്ലൈമാക്‌സ് പുതിയതായിരുന്നു. വില്ലന്‍റെ മുന്നിൽ പരാജയപ്പെടുന്ന, മരിച്ചുവീഴുന്ന വിന്‍റ്‌സന്‍റ് ഗോമസ് എന്ന നായകനെ പ്രേക്ഷകർ അതിശയത്തോടെ കണ്ടിരുന്നു.
'അടുക്കളപ്പണി'യില്ലാത്ത നായിക : അംബികയായിരുന്നു നാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അനാഥയായ നാൻസി അനാഥാലയത്തിൽ ജീവിച്ച്, പഠിച്ച് വക്കീലാകുന്നു. രണ്ട് പുരുഷന്മാർക്കിടയിൽ ഒറ്റയ്‌ക്ക് നിൽക്കുന്ന, ജോലി ചെയ്‌ത് ജീവിക്കാൻ ഇഷ്‌ടമുള്ള നാൻസി. ചിത്രം കണ്ട ഒരു പ്രേക്ഷകനും അനാഥയായ അവളോട് ഒരു സഹതാപവും തോന്നിയിട്ടില്ല. അല്ലെങ്കിൽ അത്തരമൊരു കാരുണ്യനോട്ടവും ഏൽക്കാത്ത വിധം ആ കഥാപാത്രത്തെ മനോഹരമാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് പറയാം.
നാൻസിയുടെ ജീവിതത്തിലെ പ്രണയമായിരുന്നു കൃഷ്‌ണദാസ്.. തുടർന്ന് അവൾ ഗർഭിണിയാകുന്നു. എന്നാൽ, തന്‍റെ രാഷ്‌ട്രീയ ജീവിതത്തിനായി നാൻസിയെ കൃഷ്‌ണദാസ് ഉപേക്ഷിക്കുന്നു.. പിന്നീട് മലയാളി കണ്ടത് അക്കാലത്തെ മലയാള സിനിമയിലെ 'പൊതുസ്‌ത്രീ' കഥാപാത്രങ്ങൾക്ക് അപവാദമായ നാൻസിയെയാണ്.. വിവാഹമോ കുടുംബമോ ഇല്ലാതെ നാൻസി ഒരു അമ്മയായി ജീവിക്കുന്നു.. വക്കീലായി ജോലി ചെയ്‌ത് തന്‍റെയും മകന്‍റെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.
പിന്നീട് ജോലി നഷ്‌ടപ്പെടുന്നു. തെല്ലും പതറാതെ തന്നെ അവൾ പുതിയ ജോലിക്ക് ശ്രമിക്കുന്നു.. തുടർന്ന് തന്‍റെ ജോലി നഷ്‌ടപ്പെടാൻ കാരണക്കാരനായ വിൻസന്‍റ് ഗോമസിന്‍റെ വക്കീലായി ജോലി ചെയ്‌തുകൊണ്ട് ധാരാളം പണം സമ്പാദിക്കുന്നു... ഒടുവിൽ താൻ വളർന്ന അനാഥാലയത്തിനായി ഒരു ലക്ഷം രൂപ സംഭവാന നൽകുന്നതിലൂടെ നാൻസിയുടെ വളർച്ച കണ്ട് പ്രേക്ഷകരും അമ്പരന്നു.
ആണുങ്ങളുടെ തൊഴിലിടത്തിലേക്കുള്ള സ്‌ത്രീകളുടെ കടന്നുകയറ്റത്തിന്‍റെ പ്രതീകമായിരുന്നു അവൾ...നാൻസി.. കൃഷ്‌ണദാസിന്‍റെ ചതിക്കോ വിൻസന്‍റ് ഗോമസിന്‍റെ വിവാഹാഭ്യർഥനക്കോ മുന്നിൽ പതറാത്ത 'പെൺവിപ്ലവം'.
വിൻസന്‍റ് ഗോമസ് എന്ന കഥാപാത്രത്തിനോടൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു രതീഷ് അവതരിപ്പിച്ച കൃഷ്‌ണദാസ്. ഇവരെക്കൂടാതെ, സുരേഷ് ഗോപി, അടൂർ ഭാസി, ജോസ് പ്രകാശ്, കുഞ്ചൻ തുങ്ങിയ താരങ്ങളും അഭ്രപാളിയിൽ മത്സരിച്ചഭിനയിച്ചു. എടുത്ത ചിത്രങ്ങൾ തുടരെ പരാജയപ്പെട്ടുപോയ സംവിധായകനായ തമ്പി കണ്ണന്താനത്തിന്‍റെ സിനിമ ലോകത്തേക്കുള്ള ഗംഭീര തിരിച്ചുവരവായിരുന്നു ചിത്രം.
തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആയിരുന്നു. അതായത്, ജോഷിക്കൊപ്പം ചേർന്ന് മമ്മൂട്ടിക്ക് താരപദവി തിരിച്ചുകൊടുത്ത അതേ ഡെന്നിസ് ജോസഫ് തന്നെയാണ് കുടുംബ ചിത്രങ്ങളിലെ സ്ഥിരം നായകനായിരുന്ന മോഹൻലാലിനെ അക്കാലത്ത് താരസിംഹാസനത്തിലേക്ക് ഉയർത്തിയതും..
37 വർഷം തികയുമ്പോഴും വീര്യം തെല്ലും ചോരാതെ ഇന്നും സിനിമാപ്രേക്ഷകന്‍റെ നെഞ്ചിൽ രാജാവിന്‍റെ മകനുണ്ട്. രാജകുമാരനായിട്ടല്ല, രാജാവായി... അണ്ടർവേൾഡ് കിംഗായി..