തമിഴിലെ ശ്രദ്ധേയ താരം യോഗി ബാബു (Yogi Babu) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലക്കി മാൻ' (Lucky Man) ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 'നാമധാൻ രാജ' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് (Naamadhan Raja Lyric Video) അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സമീപ കാലത്ത് അത്യുഗ്രൻ പ്രകടനത്തിലൂടെ കയ്യടി നേടിയ യോഗി ബാബുവിന്‍റെ മറ്റൊരു മികച്ച ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
റേഡിയോ ജോക്കിയില്‍ നിന്നും നടനായി മാറിയ ബാലാജി വേണുഗോപാലാണ് (Balaji Venugopal) 'ലക്കി മാൻ' എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ ചിത്രം. വളരെ രസകരമായി അണിയിച്ചൊരുക്കിയ ചിത്രമാണ് 'ലക്കി മാൻ' എന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
'ലക്കി മാൻ വീട്ടിലുണ്ടാക്കുന്ന ഹൃദ്യമായ ഒരു ഭക്ഷണം പോലെയായിരിക്കും. രസകരമായ ഘടകത്തെ നിലനിർത്തിക്കൊണ്ട് തന്നെ സാമൂഹിക പ്രസക്തിയുള്ള ഒന്നിലധികം തീമുകൾ സിനിമയിൽ സന്നിവേശിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഒരു ബ്രോക്കറെക്കുറിച്ചാണ് എന്‍റെ കഥ. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ സംഭവങ്ങൾ യാഥാർഥ്യബോധത്തോടെ സിനിമയിൽ അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്' - അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സംവിധായകൻ ബാലാജി വേണുഗോപാലൻ പറഞ്ഞു.
അതേസമയം ഇപ്പോൾ പുറത്തുവന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. സീൻ റോൾഡനാണ് (Sean Roldan) ഈ ഗാനത്തിന് ഈണം പകർന്നതും ആലപിച്ചതും. ഗാന രചയിതാവും സീൻ റോൾഡൻ തന്നെ.