ഇന്ത്യന്‍ സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായൊരു വര്‍ഷമായിരുന്നു 2022. പോയ വര്‍ഷത്തില്‍ നിരവധി ഇന്ത്യന്‍ സിനിമകള്‍ ചരിത്രം തിരുത്തിക്കുറിച്ചപ്പോള്‍ നിരവധി സിനിമകളും സിനിമാതാരങ്ങളും വിവാദ കോളങ്ങളില്‍ ഇടംപിടിച്ചു. പോയ വര്‍ഷത്തില്‍ നിരവധി സിനിമകള്‍ സിനിമാസ്വാദകര്‍ക്ക് ദൃശ്യ വിസ്‌മയം തീര്‍ത്തു… ചിലത് അഭിമാനമായി മാറി… ചിലത് വിമര്‍ശനങ്ങള്‍ക്ക് പാത്രമായി… അങ്ങനെ ഒരുപാട് സിനിമ വിശേഷങ്ങളിലൂടെയാണ് 2022 കടന്നു പോയത്.
ബോളിവുഡ് കൂപ്പുകുത്തിയും ടോളിവുഡ് കുതിച്ചുയര്‍ന്നും മോളിവുഡ് തല ഉയര്‍ത്തിയതുമായ കാഴ്‌ചയാണ് 2022ല്‍ കണ്ടത്. പുതു വർഷത്തിനായുള്ള കൗണ്ട്‌ഡൗൺ ആരംഭിക്കുമ്പോൾ പോയ വര്‍ഷത്തെ സിനിമ വിശേഷങ്ങളിലേക്ക് ഒന്ന് തിരകെ സഞ്ചരിക്കാം. 2022ലെ മികച്ച സിനിമകള്‍, 100 കോടി ക്ലബ്ബിലിടം പിടിച്ച ചിത്രങ്ങള്‍, ബോക്‌സ് ഒഫിസ് വിജയ-പരാജയങ്ങള്‍, മികച്ച താരങ്ങള്‍, മികച്ച ഗാനങ്ങള്‍, താര വിവാഹങ്ങള്‍, വിവാദങ്ങളും വിവാദ നായകന്‍മാരും, വിയോഗങ്ങള്‍ തുടങ്ങിയവയിലേക്ക് ഒരു എത്തിനോട്ടം...
1. 2022 മികച്ച ചിത്രങ്ങള്‍:ഒന്നല്ല, നിരവധി സിനിമകള്‍ ഈ വര്‍ഷം സിനിമ പ്രേമികളെ വിസ്‌മയിപ്പിച്ചു. ചരിത്ര സിനിമകള്‍ മുതൽ ആക്ഷന്‍ ത്രില്ലറുകള്‍ വരെ ഈ പട്ടികയിലുണ്ട്. ഒരുപാട് സിനിമകള്‍ ഉണ്ടെങ്കിലും അതില്‍ നിന്നും ഈ വര്‍ഷത്തെ ഏറ്റവും മികച്ച 10 സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
രാജമൗലിയുടെ ബ്രഹ്മാണ്ഡ തെലുഗു ചിത്രം 'ആര്‍ആര്‍ആര്‍' ആണ് പോയ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമനായി തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്നത്. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്‌ത ബോളിവുഡ് ചിത്രം 'ദി കശ്‌മീര്‍ ഫയല്‍സ്' ആണ് 2022ലെ മികച്ച രണ്ടാമത്തെ ചിത്രം. 1990കളിലെ കശ്‌മീരി പണ്ഡിറ്റുകളുടെ പാലായനം പറഞ്ഞ ചിത്രം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. കന്നഡ സൂപ്പര്‍ താരം യഷിന്‍റെ കന്നഡ ചിത്രം 'കെജിഎഫ് ചാപ്‌റ്റര്‍ 2' ആണ് മികച്ച മൂന്നാമത്തെ ചിത്രം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ യഷിന്‍റെ ശക്തമായ പ്രകടനം കൊണ്ടും സ്‌ക്രീന്‍ സ്‌പെയിസ് കൊണ്ടും 'കെജിഎഫ് ചാപ്‌റ്റര്‍ 2' ലോക ശ്രദ്ധ നേടിയിരുന്നു.
ലോകേഷ് കനകരാജ് - കമല്‍ ഹാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രം 'വിക്രം' ആണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഋഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം 'കാന്താര'യാണ് മികച്ച സിനിമകളുടെ പട്ടികയില്‍ അഞ്ചാമത്. ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞന്‍ നമ്പിനാരായണന്‍റെ ജീവിത കഥ പറഞ്ഞ 'റോക്കട്രി ദി നമ്പി ഇഫക്‌ടും' പോയ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നാണ്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള 'മേജര്‍', പീരിയോഡിക് ഡ്രാമ തെലുഗു ചിത്രം 'സീതാ രാമം', മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍', കന്നട ചിത്രം '777 ചാര്‍ളി' എന്നിവയും 2022ലെ മികച്ച ഇന്ത്യന്‍ ചിത്രങ്ങളാണ്.
2. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങള്‍:തെന്നിന്ത്യൻ സിനിമകള്‍, ബോളിവുഡ് ഉൾപ്പെടെയുള്ള മറ്റ് സിനിമ മേഖലകളെ വളരെ പിന്നിലാക്കിയ വർഷം കൂടിയായിരുന്നു 2022. 'ആര്‍ആര്‍ആറും' 'കെജിഎഫ് 2'ഉം ആഗോളതലത്തില്‍ 1,000 കോടി കടന്നപ്പോള്‍ 'കാന്താര'യും 'പൊന്നിയിന്‍ സെല്‍വനും' ഇന്ത്യന്‍ വിജയ ഗാഥകളായി മാറി. 'കാന്താര'യും 'കെജിഎഫ് 2'ഉം കന്നഡ ചലച്ചിത്ര മേഖലയുടെ ചരിത്രം തിരുത്തി കുറിച്ചപ്പോള്‍ കമല്‍ ഹാസന്‍റെ 'വിക്രം' തമിഴകത്തെ സൂപ്പര്‍ ഹിറ്റായി മാറിയ കാഴ്‌ചയാണ് നാം കണ്ടത്.
2022ല്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച സിനിമകളുടെ പട്ടിക
- ആര്‍ആര്‍ആര്‍ - 1,224 കോടി
- കെജിഎഫ് ചാപ്‌റ്റര്‍ 2 -1,250 കോടി
- പൊന്നിയിന്‍ സെല്‍വന്‍ - 500 കോടി
- ബ്രഹ്മാസ്‌ത്ര പാര്‍ട്ട് വണ്‍ ശിവ - 430 കോടി
- വിക്രം - 426 കോടി
- കാന്താര - 407 കോടി
- കാശ്‌മീര്‍ ഫയല്‍സ് - 340 കോടി
- ദൃശ്യം 2 - 307 കോടി
- ഭൂല്‍ ഭുലയ്യ - 267 കോടി
- ബീസ്‌റ്റ് - 217 കോടി
- ഗംഗുഭായ് കത്യവാടി - 209.77 കോടി
- രാധേ ശ്യാം -200 കോടി
3. ബോക്‌സ് ഒഫിസ് ഫ്ലോപ്പുകള്‍:ബോളിവുഡ് സിനിമ മേഖലയ്‌ക്ക് ഒരു നല്ല വര്‍ഷമായിരുന്നില്ല 2022. പ്രതീക്ഷിച്ചിരുന്ന പല സിനിമകളും ബോക്‌സ് ഒഫിസ് പരാജയമായി മാറിയ കാഴ്‌ചയാണ് നാം കണ്ടത്. ബിഗ് ബജറ്റില്‍ വലിയ ഹൈപ്പുകളോടെ തിയേറ്ററുകളിലെത്തിയ പല ചിത്രങ്ങള്‍ക്കും മുടക്കു മുതല്‍ പോലും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ല. സംവിധായകരെയും നിര്‍മാതാക്കളെയും സംബന്ധിച്ച് ഒരു പരീക്ഷണ വര്‍ഷം കൂടിയായിരുന്നു ഇത്.
2022 വിട പറയാനൊരുങ്ങുമ്പോള്‍ ഈ വര്‍ഷം ബോക്‌സ് ഒഫിസില്‍ മോശം പ്രകടനം കാഴ്‌ചവച്ച സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം. ആമിര്‍ ഖാന്‍റെ 'ലാല്‍ സിങ് ഛദ്ദ', വിജയ് ദേവരകൊണ്ടയുടെ 'ലൈഗര്‍', രണ്‍ബീര്‍ കപൂറിന്‍റെ 'ഷംഷേര', അക്ഷയ് കുമാറിന്‍റെ 'ബച്ചന്‍ പാണ്ഡെ', 'രക്ഷാ ബന്ധന്‍', 'സാമ്രാട്ട് പൃഥ്വിരാജ്', ചിരഞ്ജീവിയുടെ 'ആചാര്യ', പ്രഭാസിന്‍റെ 'രാധേ ശ്യാം', ടൈഗര്‍ ഷ്രോഫിന്‍റെ 'ഹീറോപാന്തി', കങ്കണ റണാവത്തിന്‍റെ 'ധാക്കഡ്', രണ്‍വീര്‍ സിങിന്‍റെ 'ജയേഷ്‌ഭായ് ജോര്‍ദാര്‍', ആയുഷ്‌മാന്‍ ഖുറാനയുടെ 'ആന്‍ ആക്ഷന്‍ ഹീറോ' എന്നിവയാണ് പോയ വര്‍ഷത്തെ പ്രധാന ബോക്‌സ് ഒഫീസ് ഫ്ലോപ്പുകള്‍.
4. മികച്ച ജനപ്രിയ ഇന്ത്യന്‍ താരങ്ങള്‍:2022 ബോളിവുഡിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച വര്‍ഷമായിരുന്നില്ലെങ്കിലും ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തി ചില ബോളിവുഡ് താരങ്ങള്‍. ആലിയ ഭട്ട്, ഹൃത്വിക് റോഷന്‍, രാം ചരണ്‍, ധനുഷ് തുടങ്ങി ബോളിവുഡ് മുതല്‍ തെന്നിന്ത്യന്‍ താരങ്ങള്‍ വരെ തങ്ങളുടെ മികവുറ്റ അഭിനയ മികവിനാല്‍ പോയ വര്‍ഷത്തില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകള്‍ ബോക്‌സ് ഒഫിസില്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്‌റ്റാറുകളുടെ ജനപ്രീതിയിലും വന്‍ വര്‍ദ്ധനയുണ്ടായി.
2022ലെ മികച്ച ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. റൂസോ ബ്രദേഴ്‌സിന്‍റെ 'ദി ഗ്രേ മാന്‍' എന്ന ഹോളിവുഡ് ആക്ഷന്‍ ത്രില്ലറിലൂടെ ധനുഷ് ലോക ശ്രദ്ധ ആകര്‍ഷിച്ച മികച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായി മാറിയിരുന്നു. ഐഎംഡിബിയുടെ 2022ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാണ് ധനുഷ്. 'മാരന്‍', 'തിരുച്ചിത്രംബലം', 'നാനേ വരുവേന്‍' തുടങ്ങീ സിനിമകളിലൂടെയും താരം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആലിയ ഭട്ട് ആണ് ഐഎംഡിബിയുടെ 2022ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 'ബ്രഹ്മാസ്‌ത്ര', 'ഗംഗുഭായ് കത്യവാടി', 'ആര്‍ആര്‍ആര്‍', 'ഡാര്‍ലിംഗ്‌സ്' തുടങ്ങി ബ്ലോക് ബസ്‌റ്ററുകള്‍ സമ്മാനിച്ച ആലിയ ഭട്ടിന് ഇതൊരു മികച്ച വര്‍ഷമായിരുന്നു.
മണിരത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വനി'ലൂടെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനിലെത്തിയ ഐശ്വര്യ റായ് ബച്ചന്‍ ആണ് ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ മൂന്നാമത്. 'ആര്‍ആര്‍ആര്‍', 'ആചാര്യ' തുടങ്ങി സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്‌ചവച്ച തെലുഗു സൂപ്പര്‍ താരം രാം ചരണിന് അന്താരാഷ്‌ട്ര അംഗീകാരം നേടികൊടുത്ത വര്‍ഷം കൂടിയായിരുന്നു ഇത്. ഐഎംഡിബിയുടെ 2022ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് രാം ചരണും അഞ്ചാം സ്ഥാനത്ത് സാമന്തയുമാണ്. 'കാത്തുവാക്കുള രണ്ടു കാതല്‍', 'യശോദ' എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന സാമന്തയുടെ മയോസൈറ്റിസ് പോരാട്ട വെളിപ്പെടുത്തലും താരത്തെ ഈ വര്‍ഷം ജനപ്രീതി നേടിയ മികച്ച താരങ്ങളില്‍ ഒരാളാക്കി മാറ്റി.
ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഹൃത്വിക് റോഷനാണ് ആറാം സ്ഥാനത്ത്. നടി സബാ ആസാദുമായുള്ള ബന്ധവും 'വിക്രം വേദ'യിലെ മികച്ച പ്രകടനവും താരത്തെ കൂടുതല്‍ ജനപ്രിയനാക്കിയിരുന്നു. 'ഷംഷേര', 'ഭൂല്‍ ഭുലയ്യ 2', 'ജഗ് ജഗ്ഗ് ജീയോ', 'ഗോവിന്ദ നാം മേര' തുടങ്ങീ ചിത്രങ്ങിലൂടെ ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ കിയാര അദ്വാനിയും കയറിക്കൂടി. 'ആര്‍ആര്‍ആറി'ലൂടെ ഈ പട്ടികയില്‍ എട്ടാം സ്ഥാനത്ത് ജൂനിയര്‍ എന്‍ടിആറും ഇടംപിടിച്ചു. തെലുഗു സിനിമ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരില്‍ ഒരാളാണ് ജൂനിയര്‍ എന്‍ടിആര്‍. 'പുഷ്‌പ ദി റൈസി'ന്‍റെ ഗംഭീര വിജയത്തോടെ ഐഎംഡിബിയുടെ 2022ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ അല്ലു അര്‍ജുന്‍ ഒണ്‍പതാം സ്ഥാനത്തും 'കെജിഎഫ് ചാപ്‌റ്റര്‍ 2'വിലൂടെ യഷ് പത്താം സ്ഥാനത്തും ഇടം പിടിച്ചു.
5. 2022ലെ മലയാള സിനിമയും മികച്ച കഥാപാത്രങ്ങളും:2022ല്‍ ബോളിവുഡ് തലകുത്തിയപ്പോള്‍ മിന്നിച്ചത് തെന്നിന്ത്യന്‍ സിനിമകളാണെങ്കിലും അമ്പരിപ്പിക്കുന്ന പ്രമേയങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാള സിനിമ തലയെടുപ്പോടെ നിന്നു. അവിസ്‌മരണീയമായ സിനിമകളും പ്രകടനങ്ങളുമായിരുന്നു 2022ല്‍ സിനിമാസ്വാദകര്‍ക്ക് മലയാള സിനിമ സമ്മാനിച്ചത്. ബിഗ് സ്‌ക്രീനിലൂടെയും ഒടിടിയിലൂടെയും ചെറുതും വലുതുമായ നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയപ്പോള്‍ ഈ വര്‍ഷത്തെ മികച്ച മലയാള സിനിമകളെയും കഥാപാത്രങ്ങളെയും നമുക്ക് പരിചയപ്പെടാം.
5(1). 2022ലെ മികച്ച മലയാള സിനിമകള്‍:കാമ്പസ് പ്രണയവുമായി 'ഹൃദയം', പൊള്ളുന്ന പ്രമേയവുമായി 'ജനഗണമന', സാമൂഹിക പ്രസക്‌തിയുള്ള വിഷയവുമായി 'ജയ ജയ ജയ ജയ ഹേ', വ്യത്യസ്‌ത പ്രമേയവുമായി 'സൗദി വെള്ളക്ക' തുടങ്ങീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തപ്പോള്‍ 'തല്ലുമാല'യും 'കടുവ'യും 'പാപ്പനും' പണം വാരി ചിത്രങ്ങളായി മാറിയിരുന്നു. ചരിത്ര സിനിമ 'പത്തൊന്‍പതാം നൂറ്റാണ്ടി'നും പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. 'ഭൂതകാലം', 'മലയന്‍കുഞ്ഞ്', 'അപ്പന്‍', 'പട' തുടങ്ങി പുത്തന്‍ പരീക്ഷണങ്ങളും മലയാള സിനിമയ്‌ക്ക് അഭിമാനമായി മാറി.
5(2). 2022ലെ മികച്ച മലയാള താരങ്ങള്‍:ഈ വര്‍ഷം മികച്ച തിരഞ്ഞെടുപ്പുകളിലൂടെ തീര്‍ത്തും പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു മെഗാസ്‌റ്റാര്‍ മമ്മൂട്ടി. 'ഭീഷ്‌മ പര്‍വം', 'റോഷാക്ക്', 'നന്‍പകല്‍ നേരത്ത് മയക്കം', 'പുഴു', 'സിബിഐ 5' എന്നീ സിനിമകളിലൂടെ മമ്മൂട്ടി തീര്‍ത്തും പ്രേക്ഷകരെ ഞെട്ടിച്ചു. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ വേറിട്ട അഭിനയ പ്രകടനത്തിലൂടെ കുഞ്ചാക്കോ ബോബനും അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. 'റോഷാക്ക്', 'കൂമന്‍', 'കൊത്ത്' എന്നീ സിനിമകളിലൂടെ ആസിഫ് അലിക്കും മികച്ച വര്‍ഷമായിരുന്നു ഇത്. 'റോഷാക്കി'ല്‍ മുഖം മൂടി ധരിച്ച് അതിഥി വേഷത്തിലെത്തിയ കഥാപാത്രം ആസിഫിന്‍റെ നിര്‍ണായകയ വേഷങ്ങളിലൊന്നായിരുന്നു.
'ജയജയജയജയ ഹേ'യിലൂടെ ബേസില്‍ ജോസഫ്, 'തല്ലുമാല'യിലൂടെ ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, ലുക്ക്‌മാന്‍ തുടങ്ങിയവരും മലയാളികള്‍ക്ക് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. മാറുന്ന കാലത്തെ വേറിട്ട പെണ്‍ ഓര്‍മയായി 'ജയജയജയജയ ഹേ'യിലൂടെ ദര്‍ശന രാജേന്ദ്രനും വീട്ടമ്മമാരുടെയും പ്രേക്ഷകരുടെയും ഹൃദയത്തില്‍ പതിഞ്ഞു. ദര്‍ശനയെ കൂടാതെ 'റോഷാക്കി'ലൂടെ ബിന്ദു പണിക്കര്‍, ഗ്രേസ് ആന്‍റണി എന്നിവരും, 'ഭൂതകാല'ത്തിലൂടെ രേവതിയും, 'അപ്പനി'ലൂടെ പൗളി വത്സനും ഈ വര്‍ഷത്തെ മികച്ച നടിമാരായി തിളങ്ങി.
6. 2022ലെ മികച്ച ഗാനങ്ങള്‍:2022 അവസാനിക്കുമ്പോള്‍ ഈ വര്‍ഷം സംഗീതാസ്വാദകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. പ്രണയം മുതല്‍ ഐറ്റം നമ്പറുകള്‍ വരെ നിരവധി ബോളിവുഡ് - കോളിവുഡ് ഗാനങ്ങള്‍ ഈ വര്‍ഷം പ്രേക്ഷക ഹൃദയങ്ങളെ കുളിരണിയിച്ചിരുന്നു. ചില പഴയ ഗാനങ്ങളെ പുനരുജ്ജീവിപ്പിച്ച് റീമിക്‌സ് നല്‍കിയപ്പോള്‍, ചില ട്രാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ചു.