ഒരു ബയോപിക്കിനായി സൂര്യയും പൃഥ്വിരാജും ഒന്നിക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ പ്രോജക്‌ടിനായി പൃഥ്വി വീണ്ടും സംവിധായക കുപ്പായം അണിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബിസ്‌കറ്റ് കിങ് എന്നറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ജീവിതം ആസ്‌പദമാക്കിയുളള സിനിമയാണ് ഇതെന്നുമുളള വാര്‍ത്തകള്‍ പ്രചരിച്ചു.
രാജന്‍ പിള്ളയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള വെബ് സീരീസില്‍ പൃഥ്വിരാജ് അഭിനയിക്കുമെന്നാണ് ആദ്യം അഭ്യൂഹങ്ങള്‍ വന്നത്. എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം രാജന്‍ പിള്ളയായി സൂര്യ അഭിനയിക്കുമെന്നും ഈ പ്രോജക്‌ട് പൃഥ്വിരാജാകും സംവിധാനം ചെയ്യുക എന്നുമാണ്. സരിഗമയാണ് വെബ് സീരീസിന്‍റെ നിര്‍മാണം.
വെബ് സീരീസ് നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് സരിഗമ ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് അറിയിച്ചിരുന്നു. എന്നാലിപ്പോള്‍, സൂര്യയെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുമെന്ന് പറയപ്പെടുന്ന ബയോപിക് നടക്കില്ലെന്നാണ് വിവരം. പൃഥ്വിരാജ് സംവിധാനം ചെയ്യാനിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ എമ്പുരാനും ടൈസണും ആണെന്നാണ് സൂചന.
അതേസമയം 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' ആണ് പൃഥ്വിരാജിന്‍റെ പുതിയ ബോളിവുഡ് പ്രോജക്‌ട്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ക്കൊപ്പമാണ് ചിത്രത്തില്‍ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ പൃഥ്വിരാജിനോട് ബോളിവുഡ് സിനിമകളുടെ ബോക്‌സോഫിസ് പരാജയങ്ങളെ കുറിച്ചുള്ള നടന്‍റെ കാഴ്‌ചപ്പാടിനെ കുറിച്ച് ചോദിച്ചിരുന്നു.