മുംബൈ:ബോളിവുഡ് സുന്ദരി കജോൾ തൻ്റെ ഭർത്താവും ബോളിവുഡ് നടനുമായ അജയ് ദേവ്‌ഗൺ ജന്മദിനാശംസകൾ നേർന്ന് തൻ്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി വിഭാഗത്തിൽ പോസ്റ്റ് ചെയ്‌ത ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഞായറാഴ്‌ചയാണ് താരത്തിന് 54 വയസ് തികഞ്ഞത്. താരത്തിൻ്റ ജന്മമദിനം പ്രമാണിച്ച് അദ്ദേഹത്തിനു വേണ്ടി ഒരുക്കിയിരിക്കുന്ന ഒരു കേക്കിൻ്റെ ചിത്രം തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവച്ചുകൊണ്ടാണ് താരപത്‌നി ആശംസകൾ അറിയിച്ചത്.
'ഫൂൽ ഓർ കാണ്ടെ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ രംഗപ്രവേശനം: പഞ്ചാബിൽ ജനിച്ച അജയ് ദേവ്‌ഗൺ സിനിമയിലെ സംഘട്ടന സംവിധായകനായ തൻ്റെ പിതാവിൻ്റെ പാത പിൻ തുടർന്നുകൊണ്ടാണ് ബോളിവുഡിൽ എത്തിയത്. ‘1991 ൽ ഫൂൽ ഓർ കാണ്ടെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ രംഗപ്രവേശനം ചെയ്യുന്നത്. ഈ സിനിമയിൽ തന്നെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയെടുത്തു കൊണ്ടാണ് താരം തൻ്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് സ്വഭാവ നടനായും, ഹാസ്യ നടനായും തിളങ്ങിയ അജയ് ദേവ്‌ഗൺ ബോളിവുഡിലെ തൻ്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
'ഹുൽ ചുൽ' എന്ന ബോളിവുഡ് സിനിമയുടെ സെറ്റിൽ വച്ച് കണ്ടുമുട്ടിയ കാജോളും അജയ് ദേവ്‌ഗണും 1994 ൽ പരസ്‌പരം ഡേറ്റിങ് ആരംഭിക്കുകയും തുടർന്ന് ഇരുവരും 1999 ഫെബ്രുവരിയിൽ വിവാഹിതരാവുകയുമായിരുന്നു. 2008 ൽ അജയ് തന്നെ അഭിനയിച്ച് സംവിധാനവും, നിർമ്മാണവും നിർവ്വഹിച്ച ‘യു മി ഓർ ഹം’ എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ചതും കാജോൾ ആയിരുന്നു. ഇതു കൂടാതെ പ്യാർ തോ ഹോനാ ഹി താ, ഇഷ്‌ക്, രാജു ചാച്ച, ദിൽ ക്യാ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.