മുംബൈ:കോളജ് കാലഘട്ടത്തിൽടാക്‌സിക്ക് നൽകാൻ പണമില്ലാതെ പകുതി വഴിയിൽവച്ച് യാത്ര അവസാനിപ്പിച്ച് കാറിൽ നിന്ന് ഇറങ്ങി ഓടിയ രസകരമായ അനുഭവം ഓർത്തെടുത്ത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കിസി കാ ഭായ് കിസി കി ജാന്‍' പ്രമോഷന്‍റെ ഭാഗമായി കപിൽ ശർമ ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് താരം തന്‍റെ കൗമാരകാലത്തെ രസകരമായ സംഭവം വിവരിച്ചത്.
'ഞങ്ങൾ സാധാരണയായി കോളജിലേക്ക് ട്രെയിനിലാണ് യാത്ര ചെയ്യാറുള്ളത്. എന്നാൽ ഒരു ദിവസം എനിക്ക് സുഖമായി ടാക്‌സിയിൽ യാത്ര ചെയ്യാൻ തോന്നി. അങ്ങനെ അന്ന് കോളജിലേക്ക് ടാക്‌സിയിൽ പോകാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, രസകരമായ കാര്യമെന്തെന്നാൽ, ടാക്‌സിക്ക് കൊടുക്കാനുള്ള പണം എന്‍റെ പക്കൽ ഇല്ലായിരുന്നു. എന്നാൽ ഞാൻ എന്‍റെ ആഗ്രഹം നിറവേറ്റാൻ തന്നെ തീരുമാനിക്കുകയായിരുന്നു'.
'അതിനായി ഞാൻ ഒരു ടാക്‌സിയിൽ കയറി. കോളജിന്‍റെ ഒരു ലൈൻ അകലെ വെച്ച് ഞാൻ ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അടുത്തുള്ളൊരു പരിചയക്കാരനിൽ നിന്ന് പണം വാങ്ങി നൽകാം എന്ന് പറഞ്ഞ് ഞാൻ കാറിൽ നിന്ന് ഇറങ്ങി. പക്ഷേ, ഞാൻ പിന്നീട് മടങ്ങിവന്നില്ല.' - സൽമാൻ പറഞ്ഞു. എന്നാൽ വർഷങ്ങൾക്ക് ശേഷം താൻ മോഡലിങ്ങിലൊക്കെ തിളങ്ങി നിൽക്കുന്ന കാലത്ത് ആ ഡ്രൈവറെ കണ്ടുമുട്ടിയെന്നും നൽകാനുള്ള പണമെല്ലാം പലിശ സഹിതം കൊടുത്ത് തീർത്തെന്നും സൽമാൻ വ്യക്‌തമാക്കി.
പലിശ സഹിതം നൽകി: 'കോളജ് കാലഘട്ടത്തിന് ശേഷം ഞാൻ മോഡലിങ്ങിലേക്ക് തിരിഞ്ഞു. നന്നായി സമ്പാദിക്കാൻ തുടങ്ങി. ഇതിനിടെ ആ ടാക്‌സി ഡ്രൈവറെ വഴിയിൽവച്ച് വീണ്ടും കണ്ടുമുട്ടി. വീട്ടിലേക്ക് ആ ടാക്‌സിയിൽ പോകാൻ തീരുമാനിച്ചു. ഞാൻ ആ ടാക്‌സിയിൽ കയറി. യാത്രയിലുട നീളം ഡ്രൈവർ എന്നെ എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോൾ ഞാൻ പണം ഇപ്പോൾ എടുത്തിട്ട് വരാം എന്ന് പറഞ്ഞു'.
'ഉടൻ തന്നെ ആ ഡ്രൈവർ എന്നെ തിരിഞ്ഞ് നോക്കി. അയാൾക്ക് അപ്പോഴാണ് എന്നെ മനസിലായത്. ഞങ്ങൾ പരസ്‌പരം ആ കാറിനുള്ളിലിരുന്ന് പൊട്ടിച്ചിരിച്ചു. ശേഷം കൊടുക്കാനുണ്ടായിരുന്ന പണം ഞാൻ പലിശ സഹിതം ആ ഡ്രൈവർക്ക് നൽകുകയായിരുന്നു.' - സൽമാൻ ഖാൻ വ്യക്‌തമാക്കി. അതേസമയം സൽമാന്‍റെ അനുഭവം കൂടെയുണ്ടായിരുന്ന താരങ്ങളെയും ഷോ കാണാനെത്തിയ പ്രേക്ഷകരേയും പൊട്ടിച്ചിരിപ്പിച്ചു.
'കിസി കാ ഭായ് കിസി കി ജാനി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൂജ ഹെഗ്‌ഡെ, ഷെഹ്‌നാസ് ഗിൽ, രാഘവ് ജുയൽ, പാലക് തിവാരി, ജസി ഗിൽ, സിദ്ധാർഥ് നിഗം, വിനാലി ഭട്‌നാഗർ, സുഖ്ബീർ എന്നീ താരങ്ങൾക്കൊപ്പമാണ് സൽമാൻ കപിൽ ശർമ ഷോയിൽ എത്തിയത്. ഈദ് റിലീസായി ഏപ്രിൽ 21നാണ് തിയേറ്ററുകളില്‍ എത്തുക. ഏക് താ ടൈഗർ, ദബാംഗ് 2, കിക്ക് എന്നിവയാണ് സൽമാന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.
ALSO READ:സൽമാൻ ഖാന്‍റെ നമ്പർ ബ്ലോക്ക് ചെയ്‌ത് ഷെഹ്‌നാസ് ഗില്‍, സത്യം ഇതാണ് ; തുറന്ന് പറഞ്ഞ് താരം