'ദി കശ്‌മീർ ഫയൽസി'ന് (The Kashmir Files) പിന്നാലെ പുതിയ ചിത്രവുമായി വിവേക് രഞ്ജൻ അഗ്നിഹോത്രി (Vivek Ranjan Agnihotri) എത്തുന്നു. 'ദി വാക്‌സിൻ വാർ' (The Vaccine War) എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ സിനിമ. 'ദി വാക്‌സിൻ വാറി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന പുതിയ ടീസർ പുറത്തുവന്നു.
ഐ ആം ബുദ്ധ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പല്ലവി ജോഷിയും അഭിഷേക് അഗർവാൾ ആർട്‌സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദി വാക്‌സിൻ വാർ' സെപ്റ്റംബർ 28 ന് തിയേറ്റർ റിലീസായി പ്രേക്ഷകർക്കരികില്‍ എത്തും. ഒരു ഗ്ലിംസ് വീഡിയോയിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി സംവിധായകൻ പുറത്തുവിട്ടത്. നിർമാതാവായ പല്ലവി ജോഷി ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.
ലോകത്തെയാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ കൊവിഡും അതിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍റെ കണ്ടുപിടിത്തവും ഒക്കെയാണ് 'ദി വാക്‌സിൻ വാർ' പ്രമേയമാക്കുന്നത്. ഇപ്പോൾ പുറത്തുവന്ന ടീസറിലും കൊവാക്‌സിൻ നിര്‍മിക്കുന്ന ശാസ്‍ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളാണ് കാണാനാവുക. ഒരു ലാബിൽ കൊവിഡ് -19ന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുകയാണ് ശാസ്‍ത്രജ്ഞർ.
ഒരു യഥാര്‍ഥ കഥയായിരിക്കും ചിത്രം പറയുന്നത് എന്നും ടീസറില്‍ നിന്നും വ്യക്തമാണ്. യഥാര്‍ഥ കഥ പറയുന്ന ചിത്രമാകും 'ദി വാക്‌സിൻ വാർ' എന്ന് നേരത്തെയും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ബോക്‌സോഫിസില്‍ വൻ നേട്ടം കൊയ്‌ത, ഏറെ വിവാദങ്ങൾക്കും വഴിവച്ച 'ദി കശ്‌മീർ ഫയൽസ്' എന്ന ചിത്രത്തിന്‍റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി ഒരുക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'ദി വാക്‌സിൻ വാർ'. നാനാ പടേക്കർ, അനുപം ഖേർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. പല്ലവി ജോഷി ചിത്രത്തിൽ ഒരു ശാസ്‌ത്രജ്ഞയുടെ വേഷത്തിലാണ് എത്തുന്നത്.
സപ്‌തമി ഗൗഡ, പരിതോഷ് സാൻഡ്, സ്‌നേഹ മിലാൻഡ്, ദിവ്യ സേത്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഹിന്ദിയ്‌ക്ക് പുറമെ ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്‌പുരി, ബംഗാളി, മറാത്തി, തെലുഗു, തമിഴ്, കന്നട, ഉറുദു, അസാമീസ് എന്നിവയുൾപ്പടെ 10 ൽ അധികം ഭാഷകളിലാകും 'ദി വാക്‌സിൻ വാർ' റിലീസ് ചെയ്യുക. അതേസമയം ദി കശ്‌മീർ ഫയൽസിനായി സഹകരിച്ച വിവേക് അഗ്നിഹോത്രിയും അഭിഷേക് അഗർവാൾ ആർട്‌സും ഈ ചിത്രത്തിലും സഹകരിക്കുന്നുണ്ട്. പി ആർ ഒ - ശബരി.
READ ALSO:'കശ്‌മീർ ഫയൽസ് വള്‍ഗര്‍ പ്രൊപ്പഗന്‍ഡ സിനിമ, കലാമൂല്യമില്ലാത്തത്' ; തുറന്നടിച്ച് ഐഎഫ്എഫ്ഐ ജൂറി ചെയര്‍മാന്‍ നദവ് ലാപിഡ്
കഴിഞ്ഞ വർഷം തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ദി കശ്‌മീർ ഫയൽസ്, 1990കളിലെ ഹിന്ദു പലായനത്തിന്‍റേയും കശ്‌മീരി പണ്ഡിറ്റുകളെ ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങളുടേയും കഥയാണ് പറയുന്നത്. 2022ല്‍ ഏറ്റവും കൂടുതൽ വരുമാനം നേടിയ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം. എന്നാല്‍ ചിത്രത്തിന് പിന്നാലെ വൻ വിവാദങ്ങളും ഉയർന്നിരുന്നു.