ബോക്‌സോഫിസിൽ വൻ വിജയമായി മാറിയ 'ദി കശ്‌മീർ ഫയൽസി'ന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി വാക്‌സിൻ വാർ'. അനുപം ഖേർ, നാനാ പടേക്കർ, റൈമ സെൻ, പല്ലവി ജോഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. വിവേക് അഗ്നിഹോത്രി തന്നെയാണ് 'ദി വാക്‌സിൻ വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് (Vivek Agnihotri The Vaccine War First Look Poster).
യുഎസിൽ തന്‍റെ സിനിമയുടെ പ്രമോഷന്‍റെ തിരക്കിലായിരുന്നു വിവേക് അഗ്നിഹോത്രി. ഇപ്പോഴിതാ ഇന്ത്യയിലും 'ദി വാക്‌സിൻ വാർ' പ്രമോഷന് ആരംഭം കുറിച്ചിരിക്കുകയാണ് അദ്ദേഹം. 'ഇന്ത്യയിലെ ആദ്യത്തെ ബയോ - സയൻസ് സിനിമയുടെ ഫസ്റ്റ് ലുക്ക്' എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
സെപ്റ്റംബർ 28ന് 'ദി വാക്‌സിൻ വാർ' ലോകമെമ്പാടും റിലീസിനെത്തും (The Vaccine War hits theaters on September 28). അയാം ബുദ്ധ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പല്ലവി ജോഷിയും അഭിഷേക് അഗർവാൾ ആർട്‌സും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്ററും മികച്ച പ്രതികരണം നേടിയിരുന്നു.
ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ കൊവിഡ് മഹാമാരിയും അതിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍റെ കണ്ടുപിടിത്തവും എല്ലാമാണ് 'ദി വാക്‌സിൻ വാർ' എന്ന ഈ ചിത്രം ദൃശ്യവൽക്കരിക്കുന്നത്. കൊവാക്‌സിൻ നിര്‍മിക്കുന്ന ശാസ്‍ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളാണ് നേരത്തെ എത്തിയ ടീസറിൽ കാണാനാവുക. ഒരു ലാബിൽ കൊവിഡ് 19ന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്ന ശാസ്‍ത്രജ്ഞരാണ് ടീസറിൽ പ്രത്യക്ഷപ്പെട്ടത്.