കശ്‌മീരി പണ്ഡിറ്റുകളുടെ പലായനം ആസ്‌പദമാക്കി ഒരുക്കിയ ദി കശ്‌മീര്‍ ഫയല്‍സ് അടുത്തിടെ തരംഗമായ ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണ്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറി. രാജ്യമൊട്ടാകെ 630 തിയേറ്ററുകളിലായി റിലീസ് ചെയ്ത സിനിമ 250 കോടിയിലധികം കലക്ഷനാണ് ബോക്സോഫീസില്‍ നിന്നും നേടിയത്.
വിവിധ ഭാഷകളില്‍ സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുകയും ചെയ്തു. സംവിധായകന്‍ വിവേക് അഗ്നിഹോത്രി രഞ്ജന്‍ ഒരുക്കിയ ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവം ജോഷി, ദര്‍ശന്‍ കുമാര്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഇന്ത്യയില്‍ തരംഗമായ സിനിമ ഇപ്പോള്‍ സിംഗപ്പൂരില്‍ നിരോധിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. സിംഗപ്പൂരിലെ ഫിലിം ക്ലാസിഫിക്കേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അപ്പുറമാണ് സിനിമയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. സിംഗപ്പൂരിലെ സാംസ്‌കാരിക സാമൂഹിക യുവജന മന്ത്രാലയവും ഇന്‍ഫോകോം മീഡിയ ഡെവലപ്മെന്‍റ് അതോറിറ്റിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.