തമിഴ് സൂപ്പര്‍ താരം വിഷ്‌ണു വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗട്ട കുസ്‌തി'. ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്‌മിയാണ് നായിക. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു സ്‌പോര്‍ട്‌സ് ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ട്രേഡ് അനലിസ്‌റ്റ് രമേശ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തിരിക്കുന്നത്. സിനിമയുടെ റിലീസ് തീയതിക്കൊപ്പം ചിത്രത്തിന്‍റെ തമിഴ്‌നാട്ടിലെ വിതരണത്തെ കുറിച്ചും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
'ഡിസംബര്‍ രണ്ടിനാണ് ഗട്ട കുസ്‌തി തിയേറ്ററുകളിലേക്ക് എത്തുക. ഒരു ഫുള്‍ ഫാമിലി എന്‍റര്‍ടെയ്‌നര്‍ ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഉദയനിധി സ്‌റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസാണ് ഗട്ട കുസ്‌തി തമിഴ്‌നാട്ടില്‍ വിതരണത്തിനെത്തിക്കുക', ഇപ്രകാരമായിരുന്നു രമേശ് ബാലയുടെ ട്വീറ്റ്.
വിഷ്‌ണു വിഷാല്‍ സ്‌റ്റുഡിയോസിന്‍റെയും ആര്‍ടി ടീംവര്‍ക്കിന്‍റെയും ബാനറില്‍ വിഷ്‌ണു വിശാലും രവി തേജയും ചേര്‍ന്നാണ് നിര്‍മാണം. തെലുഗുവില്‍ മട്ടി കുസ്‌തി എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുക. റിച്ചാര്‍ഡ് എം നാഥന്‍ ആണ് ഛായാഗ്രഹണം. ജസ്‌റ്റിന്‍ പ്രഭാകരന്‍ സംഗീതവും നിര്‍വഹിക്കും.