വിഷ്‌ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കണ്ണപ്പ'. മുകേഷ് കുമാർ സിംഗാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്‌ണു മഞ്ചുവിന്‍റെ മകൻ അവ്‌റാം മഞ്ചുവും 'കണ്ണപ്പ'യിൽ സുപ്രധാന വേഷത്തിലുണ്ട് (Vishnu Manchu's son Avram Manchu in Kannappa). അവ്‌റാമിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
മകന്‍റെ സിനിമ പ്രവേശത്തെ കുറിച്ചുള്ള താരത്തിന്‍റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകൻ അവ്‌റാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയിൽ 'കണ്ണപ്പ' തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് വിഷ്‌ണു മഞ്ചു പറയുന്നു. 'കണ്ണപ്പ'യിലേക്കുള്ള മകന്‍റെ ചുവടുവെപ്പിനെ കുറിച്ച് താരം പറഞ്ഞതിങ്ങനെ: 'കണ്ണപ്പ എന്ന സിനിമ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്.
ഈ ചിത്രത്തിൽ എന്‍റെ മകൻ അവ്‌റാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എനിക്കേറെ അഭിമാനവും സന്തോഷവും പകരുന്ന കാര്യമാണിത്. എനിക്ക് ഇതൊരു സിനിമ മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിന്‍റെ സിനിമാ യാത്രയിലെ മൂന്ന് തലമുറകളുടെ കൂടിച്ചേരൽ കൂടിയാണ്.
അവ്‌റാമിനൊപ്പം ഈ സിനിമ യാത്ര ആരംഭിക്കുമ്പോൾ എല്ലാവരിൽ നിന്നും ഞാൻ വിനയപൂർവം അനുഗ്രഹം തേടുന്നു'. കണ്ണപ്പയിൽ ഉൾപ്പെട്ട എല്ലാവർക്കും ഇതൊരു അവിസ്‌മരണീയ അനുഭവമായി മാറട്ടെയെന്നും തങ്ങളുടെ കുടുംബത്തിന്‍റെ സിനിമ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന് ഇതിലൂടെ തുടക്കമാകട്ടെ എന്നും വിഷ്‌ണു മഞ്ചു പറയുന്നു.