വിഷ്‌ണു മഞ്ചുവിനെ കേന്ദ്ര കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം 'കണ്ണപ്പ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (Vishnu Manchu starrer Kannappa first look poster out). ഏറെ കൗതുകമുണർത്തുന്ന പോസ്റ്റർ ഏവരുടെയും ശ്രദ്ധയാകർഷിക്കുകയാണ്. പോസ്റ്ററിൽ യോദ്ധാവിന്‍റെ വേഷത്തിലാണ് വിഷ്‌ണു മഞ്ചു.
'കണ്ണപ്പ' ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിൽ 'കണ്ണപ്പ' എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് വിഷ്‌ണു മഞ്ചു അവതരിപ്പിക്കുന്നത്. പുരാണ ഇതിഹാസ കഥയിലെ കഥാപാത്രമാണ് കണ്ണപ്പ. നിഗൂഢ വനത്തിൽ, ശിവലിംഗത്തിന് മുന്നിൽ കയ്യിൽ വില്ലേന്തി നിൽക്കുന്ന കണ്ണപ്പയാണ് പോസ്റ്ററിൽ. വിഷ്‌ണുവിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്.
മോഹൻലാൽ, പ്രഭാസ്, ശിവ രാജ്‌കുമാർ, മോഹൻ ബാബു എന്നിവരടങ്ങുന്ന അതിശയിപ്പിക്കുന്ന താരനിരയാണ് 'കണ്ണപ്പ'യിൽ അണിനിരക്കുന്നത്. പരമശിവന്‍റെ കഥാപാത്രത്തെയാകും ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുക. വിഷ്‌ണു മഞ്ചുവിന്‍റെ അച്ഛൻ കൂടിയായ മോഹന്‍ ബാബു സിനിമയില്‍ സുപ്രധാന വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം. അതേസമയം മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വിഷ്‌ണു മഞ്ചു മോഹൻലാലിനൊപ്പം പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കണ്ണപ്പ പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തെ കുറിച്ചുള്ള വിഷ്‌ണു മഞ്ചുവിന്‍റെ വാക്കുകൾ ഇങ്ങനെ: 'കണ്ണപ്പ'യെ സൃഷ്‌ടിച്ചത് രക്തവും വിയർപ്പും കണ്ണീരും കലർന്ന യാത്രയാണ്. പരമശിവന്‍റെ ഏറ്റവും വലിയ ഭക്തനാകാനുള്ള നിരീശ്വരവാദിയായ ഒരു പോരാളിയുടെ യാത്രയാണിത്'.
READ MORE:Mohanlal In Vishnu Manchu's Pan Indian Movie : ജനത ഗാരേജിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തെലുഗുവില്‍ ; കണ്ണപ്പ ആയി വിഷ്‌ണു മഞ്ചു, ശിവനായി പ്രഭാസും
മോഹന്‍ ബാബുവിന്‍റെ 24 ഫ്രെയിംസ് ഫാക്‌ടറി, എവിഎ എന്‍റര്‍ടെയിന്‍മെന്‍റ് എന്നീ ബാനറുകളിൽ 100 കോടി ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. 'കണ്ണപ്പ'യുടെ 80 ശതമാനവും ന്യൂസിലൻഡിലാണ് ഒരുങ്ങുന്നത്. വിഷ്വൽ എക്‌സലൻസ്, ബ്ലെൻഡിംഗ് ടെക്‌നോളജി, വിസ്‌മയിപ്പിക്കുന്ന സ്റ്റണ്ടുകൾ, അത്യാധുനിക ആക്ഷൻ സീക്വൻസുകൾ തുടങ്ങിയവ സിനിമയുടെ പ്രത്യേകതകളാണ്. നിലവില്‍ ന്യൂസിലൻഡിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് 'കണ്ണപ്പ'യുടെ മറ്റ് ലൊക്കേഷനുകള്‍. സ്‌റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്‌ത 'മഹാഭാരത്' സീരീസിന്‍റെ സംവിധായകനായ മുകേഷ് കുമാര്‍ സിംഗ് ഒരുക്കുന്ന 'കണ്ണപ്പ'യ്‌ക്കായി പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാറിന്‍റെ തെലുഗു അരങ്ങേറ്റ ചിത്രം കൂടിയാണിത്.
വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു ഒപ്പം സംവിധായകൻ മുകേഷ് കുമാര്‍ സിംഗും ചേര്‍ന്നാണ് സിനിമയ്‌ക്കായി സംഭാഷണം ഒരുക്കിയത്. ഹോളിവുഡ് ഛായാഗ്രാഹകനായ ഷെൽഡൻ ചൗ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത് എന്നതും ഈ ചിത്രത്തിന്‍റെ സവിശേഷതയാണ്. സ്‌റ്റീഫന്‍ ദേവസി, മണി ശർമ്മ എന്നിവർ ചേര്‍ന്നാണ് സംഗീത സംവിധാനം. പിആർഒ - ശബരി.
READ ALSO:'ഇന്ത്യൻ 2', 'തലൈവർ 170' ചിത്രീകരണം ഒരേ സ്റ്റുഡിയോയിൽ; പരസ്‌പരം വാരിപ്പുണർന്ന് ഉലകനായകനും സ്റ്റൈൽമന്നനും