നൈനിറ്റാള്‍ (ഉത്തരാഖണ്ഡ്) : ടി ട്വന്‍റി ലോകകപ്പില്‍ നിന്നും ടീം ഇന്ത്യ പുറത്തായതിന്‍റെ സങ്കടത്തില്‍ നിന്ന് ആരാധകര്‍ പൂര്‍ണമായും മുക്തരായിട്ടില്ലെങ്കിലും ലോകകപ്പില്‍ ഉടനീളം മികച്ച ഫോമില്‍ കളിച്ച വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങില്‍ എല്ലാവരും ഒരുപോലെ സന്തുഷ്‌ടരാണ്. മത്സരങ്ങളുടെ തിരക്കില്‍ നിന്നെല്ലാം മാറി കോഹ്‌ലി ഭാര്യ അനുഷ്‌ക ശര്‍മക്കും മകള്‍ വാമികയ്‌ക്കുമൊപ്പം നിലവില്‍ ഉത്തരാഖണ്ഡ് പര്യടനത്തിലാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ കോഹ്‌ലിയും കുടുംബവും ബാബ നീം കരോലി ധാമിലാണുള്ളത്.
ഹെലികോപ്റ്ററിൽ ഇന്നലെ ഭൊവാലിയിലെ സൈനിക് സ്‌കൂളിലിറങ്ങിയ വിരാടും കുടുംബവും നേരെ ചെന്നത് ബാബാ നീം കരോലിയുടെ വസതിയിലേക്കാണ്. തുടര്‍ന്ന് ബാബ നീം കരോലി ധാമിലേക്ക് നീങ്ങിയ കോഹ്‌ലിയും അനുഷ്‌ക ശര്‍മയും പ്രാര്‍ഥന നടത്തുകയും ഹനുമാന്‍ ചാലിസ പാരായണം നടത്തുകയും ചെയ്‌തു. ബാബ നീം കരോലി മഹാരാജിന്‍റെ ആരതിയിൽ പങ്കെടുത്ത ഇരുവരും പ്രസാദം സ്വീകരിക്കുകയും ചെയ്തു. വിരാട് ധാമിലെത്തിയിട്ടുണ്ടെന്നറിഞ്ഞ് ക്ഷേത്രത്തിന്‍റെ കവാടത്തില്‍ നൂറുകണക്കിന് ആരാധകരുമെത്തിയിരുന്നു. എന്നാല്‍ ഇവരെ കാണാതെ കോഹ്‌ലിയും അനുഷ്‌കയും മുക്തേശ്വറിലേക്ക് മടങ്ങുകയായിരുന്നു.
എന്നാല്‍ ക്ഷേത്രത്തിന്‍റെ ചുമതലയുള്ള ആളുകള്‍ക്കൊപ്പം താരങ്ങള്‍ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു. അതേസമയം ബാബാ നീം കരോലി മഹാരാജിന്‍റെ ഭക്തരായി രാജ്യത്തിനകത്ത് നിന്നും വിദേശത്ത് നിന്നുമായി നിരവധിപേരാണ് നൈനിറ്റാളിലെ കൈഞ്ചി ധാമില്‍ എത്താറുള്ളത്. ഭക്തരുടെ ഈ കൂട്ടത്തിലേക്കാണ് കോഹ്‌ലിയുടെയും അനുഷ്‌കയുടെയും പേരുകള്‍ കൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
ലോകത്തെ ആകര്‍ഷിക്കുന്ന 'നീം കരോലി ബാബയുടെ ആശ്രമം': ഉത്തരാഖണ്ഡില്‍ ഹിമാലയ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ആശ്രമമാണ് നീം കരോലി ബാബയുടെ ആശ്രമം. വളരെ ശാന്തവും സുന്ദരവുമായ ഇവിടം എല്ലാവരെയും ആകര്‍ഷിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നൈനിറ്റാല്‍-അൽമോറ റോഡിലുള്ള ഈ ആശ്രമം മതവിശ്വാസികൾക്കിടയിൽ കൈഞ്ചി ധാം എന്നാണ് അറിയപ്പെടുന്നത്.