'ഭയ്യഭയ്യ, പ്രമുഖൻ, പറങ്കിമല' എന്നീ മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന ദക്ഷിണേന്ത്യൻ അഭിനേത്രി വിനുത ലാൽ നായികയായി പുതിയ സിനിമ വരുന്നു. 'പിത്തല മാത്തി' എന്ന തമിഴ് ചലച്ചിത്രത്തിലാണ് വിനുദ ലാൽ പ്രധാന കഥാപാത്രമായെത്തുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ 'പിത്തല മാത്തി' ഉടൻ പ്രദർശനത്തിനെത്തും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്‌തത്. മാണിക്യവിദ്യ സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ശരവണാ ഫിലിംസിന്‍റെ ബാനറിൽ ജി ശരവണൻ ആണ് നിർമാണം. ശ്രീ ശരവണാ ഫിലിംസ് നിർമിക്കുന്ന നാലാമത്തെ തമിഴ് ചിത്രം കൂടിയാണിത്.
അനീതിക്കെതിരെ പോരാട്ടം നടത്തുന്ന ജില്ലാ റവന്യൂ ഉദ്യോഗസ്ഥയുടെ വേഷമാണ് ചിത്രത്തിൽ വിനുത ലാൽ അവതരിപ്പിക്കുന്നത്. ജില്ലാ അധികാരിയുടെ വ്യക്തി ജീവിതത്തിലെ ബലഹീനതകൾ കർമ രംഗത്ത് ചെലുത്തുന്ന സ്വാധീനവും പ്രത്യാഘാതങ്ങളും ഈ ചിത്രം വരച്ചുകാട്ടുന്നു. ഒപ്പം കഥാനായകനും കൂട്ടുകാരനും ചെയ്യുന്ന പിത്തല മത്തി തരം (തരികിട പരിപാടികൾ) കൊണ്ട് ജില്ലാ റവന്യൂ ഓഫിസറുടെയും മറ്റുള്ളവരുടെയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും, പ്രശ്‌നങ്ങളും ചിത്രം വരച്ചുകാട്ടുന്നു.
സെന്‍റിമെന്‍റൽ കോമഡി സിനിമയായാണ് "പിത്തല മാത്തി" ഒരുക്കുന്നത്. ആക്ഷനും പ്രണയവും ഹാസ്യവും സമന്വയിപ്പിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.