വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രം 'കുറുക്കന്‍റെ' സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നവാഗതനായ ജയലാല്‍ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്. ഏറെ കൗതുകം ഉണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന വിനീത് തന്‍റെ വലത് കയ്യില്‍ ഷൈന്‍ ടോം ചാക്കോയുടെ തലയും ഇടത് കയ്യില്‍ ശ്രീനിവാസന്‍റെ തലയും പിടിച്ച് നില്‍ക്കുന്നതാണ് പോസ്റ്റർ. ഇവരില്‍ ആരാണ് യഥാർഥത്തില്‍ 'കുറുക്കനെ'ന്ന സംശയമാണ് പ്രേക്ഷകരില്‍ ബാക്കിയാകുന്നത്. ഏതായാലും 'കുറുക്കൻ ഇരപിടിക്കാൻ' ഇറങ്ങി കഴിഞ്ഞെന്നാണ് പ്രേക്ഷകർ പറയുന്നത്.
വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രുതി ജയൻ, സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
'കുറുക്കന്‍റെ' തിരക്കഥ രചിച്ചിരിക്കുന്നത് മനോജ് റാം സിങ്ങാണ്. സുരഭി ലക്ഷ്‌മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിന്‍റെ രചയിതാവാണ് മനോജ് റാംസിങ്. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. രഞ്ജൻ ഏബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.