മുംബൈ: വിധു വിനോദ് ചോപ്ര (Vidhu Vinod Chopra) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ട്വൽത്ത് ഫെയിലി'ന്‍റെ ടീസർ (12th Fail Official Teaser) പുറത്ത്. സമീപകാലത്ത് മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക - നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ബോളിവുഡ് താരം വിക്രാന്ത് മാസിയാണ് (Vikrant Massey) ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നത്. പ്രൊഡക്ഷൻ ഹൗസ് സീ സ്റ്റുഡിയോസാണ് ഇപ്പോൾ ടീസർ പ്രേക്ഷകർക്കായി പങ്കുവച്ചത്.
ഒരു യഥാർഥ കഥയെ പ്രമേയമാക്കിയാണ് വിധു വിനോദ് ചോപ്ര 'ട്വൽത്ത് ഫെയിൽ' അണിയിച്ചൊരുക്കിയത്. അനുരാഗ് പഥക്കിന്‍റെ (Anurag Pathak) ബെസ്റ്റ് സെല്ലർ നോവലാണ് സിനിമയ്‌ക്ക് ആധാരം. യുപിഎസ്‌സി (UPSC) വിദ്യാർഥികളുടെ ജീവിതവും അവർ നടത്തുന്ന പോരാട്ടങ്ങളുടെയും ആധികാരികമായ ദൃശ്യാവിഷ്‌കാരമാകും 'ട്വൽത്ത് ഫെയിൽ' എന്നും ചിത്രത്തിന്‍റെ അണിയറക്കാർ അവകാശപ്പെടുന്നു.
ഐപിഎസ് ഓഫിസർ മനോജ് കുമാർ ശർമ്മയുടെയും ഐആർഎസ് ഓഫിസർ ശ്രദ്ധ ജോഷിയുടെയും അവിശ്വസനീയമായ യാത്രയെക്കുറിച്ചുള്ളതാണ് അനുരാഗ് പഥക്കിന്‍റെ നോവൽ. ഇത് അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ ഏറ്റവും കഠിനമായ മത്സര പരീക്ഷയായ യുപിഎസ്‌സിയ്‌ക്കായി കഠിനമായി പരിശ്രമിക്കുന്ന ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ യഥാർഥ ജീവിതത്തില്‍ നിന്നും സിനിമയുടെ നിർമാതാക്കൾ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.
'യഥാർഥ വിദ്യാർഥികളുമായി, യഥാർഥ ലൊക്കേഷനുകളിൽ ചിത്രീകരിച്ച, ധീരതയുടെയും സമഗ്രതയുടെയും നിശ്ചയ ദാർഢ്യത്തിന്‍റെയും ഈ കഥ ഒരു ദശലക്ഷം ഇന്ത്യക്കാരുടെ സത്യത്തെ പ്രതിഫലിപ്പിക്കുന്നു'- എന്ന് കുറിച്ചുകൊണ്ടാണ് '12ത് ഫെയിലി'ന്‍റെ ടീസർ സീ സ്റ്റുഡിയോസ് അവതരിപ്പിച്ചത്. ഒക്‌ടോബർ 27ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ സീ സ്റ്റുഡിയോസ് കുറിച്ചു. ഹിന്ദിയ്‌ക്ക് പുറമെ തമിഴ്, തെലുഗു, മലയാളം എന്നീ ഭാഷകളിലുമാകും ചിത്രം തിയേറ്ററുകളിൽ എത്തുക.
യഥാർഥ വിദ്യാർഥികളുമായി, യഥാർഥ ലൊക്കേഷനുകളിൽ ചിത്രീകരിക്കേണ്ടുന്ന ഒരു ആധികാരിക സമീപനം ഈ ചിത്രത്തിന് ആവശ്യമാണെന്നും അണിയറക്കാർ പറയുന്നു. യുപിഎസ്‌സി വിദ്യാർഥികളുടെ ജീവിതം, അവരുടെ ദൃഢത, സമഗ്രത, ദൃഢനിശ്ചയം, അവർ വളർത്തിയെടുക്കുന്ന സ്ഥായിയായ സൗഹൃദങ്ങൾ എന്നിവയിലേക്കും ചിത്രം വെളിച്ചം വീശുന്നു. ഹിന്ദി മീഡിയം യുപിഎസ്‌സി പരിശീലന കേന്ദ്രമായ ഡൽഹിയിലെ മുഖർജി നഗറിലാണ് '12ത് ഫെയിൽ' സിനിമ ചിത്രീകരിച്ചത്. ഇവിടെ ചിത്രീകരിക്കപ്പെടുന്ന ആദ്യ ചിത്രം കൂടിയാണ് '12ത് ഫെയിൽ'.
നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥർക്കും അവരുടെ പാത പിന്തുടരാൻ ആഗ്രഹിക്കുന്ന എണ്ണമറ്റ വിദ്യാർഥികൾക്കുമുള്ള സമർപ്പണമായാണ് ഈ ചിത്രം നിലകൊള്ളുന്നതെന്ന് സംവിധായകൻ വിധു വിനോദ് ചോപ്ര വ്യക്തമാക്കി. സത്യസന്ധതയ്‌ക്കും ഒപ്പം മികവിനും വേണ്ടി പരിശ്രമിക്കാൻ ചിലരെയെങ്കിലും ഈ സിനിമ പ്രചോദിപ്പിക്കുന്നുവെങ്കിൽ, അത് തന്നെയാണ് താൻ വിജയമായി കണക്കാക്കുകയെന്നും അദ്ദേഹം പറയുന്നു.
ALSO READ:Jailer response| 'ടൈഗർ കാ ഹുക്കും'; 'ജയിലർ' തിയേറ്ററുകൾ കീഴടക്കിയോ? പ്രേക്ഷക പ്രതികരണം ഇങ്ങനെ