ചിയാൻ വിക്രം നായകനാകുന്ന 'ധ്രുവനച്ചത്തിരം' എന്ന സിനിമയ്‌ക്കായി ആരാധകരും സിനിമാസ്വാദകരും കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഇപ്പോഴിതാ കാണികളെ ആവേശക്കൊടുമുടി കയറ്റുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ് (Vikram Dhruva Natchathiram Trailer). ഗൗതം വാസുദേവ് മേനോന്‍ (Gautham Vasudev Menon) ആണ് ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.
നവംബർ 24ന് ദീപാവലി റിലീസായി 'ധ്രുവനച്ചത്തിരം' തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിലെത്തും. പല കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രമാണ് റിലീസിനായി ഒടുവിൽ തയ്യാറായിരിക്കുന്നത്. അഞ്ച് വർഷത്തിലേറെ സമയം എടുത്താണ് ഗൗതം വാസുദേവ് മേനോൻ തന്‍റെ ഈ സിനിമ പൂർത്തിയാക്കിയത് (Vikram starrer Dhruva Natchathiram helmed by Gautham Menon).
എന്നാൽ ഇപ്പോൾ പുറത്തുവന്ന, ഏറെ പ്രതീക്ഷ നൽകുന്ന ട്രെയിലർ ആരാധകരുടെ നാളുകളായുള്ള കാത്തിരിപ്പിനെ മായ്‌ച്ചുകളയാൻ പോന്നതാണെന്ന് നിസംശയം പറയാം. ഗൗതം വാസുദേവ് മേനോൻ - വിക്രം കൂട്ടുകെട്ടിൽ തന്നെയാണ് ആരാധകർ പ്രതീക്ഷയർപ്പിക്കുന്നത്. ഒരു സ്‌പൈ ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് 'ധ്രുവനച്ചത്തിരം'. ഇപ്പോൾ പുറത്തുവന്ന ട്രെയിലറും ഇക്കാര്യം ശരിവയ്‌ക്കുന്നതാണ്.
2011ലെ മുംബൈ ബോംബ് സ്‌ഫോടനത്തിന് ശേഷം ദേശീയ സുരക്ഷയ്‌ക്കായി സർക്കാർ രൂപീകരിച്ച ചാരന്മാരുടെ/സൈനികരുടെ ഒരു രഹസ്യ സംഘത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന് ട്രെയിലർ വെളിപ്പെടുത്തുന്നു. ഏറ്റവും ബെസ്റ്റായ 11 പേർ അടങ്ങുന്ന 'അണ്ടര്‍ കവര്‍ ഏജന്‍റ് സംഘം'. അതിലെ സ്‌പെഷലിസ്റ്റായി വിക്രം അവതരിപ്പിക്കുന്ന 'ജോൺ' എന്ന കഥാപാത്രത്തിന്‍റെ കടന്നുവരവ്- ഈ സംഘത്തിന്‍റെയും ഇവരുടെ അതിസാഹസികമായ മിഷനുകളുടെയും കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.