ഇഷ്ട സിനിമകളുടെ പട്ടികയില്‍ 'ലഞ്ച്‌ബോക്‌സ്' ((The Lunchbox) എന്ന അതിഗംഭീര സിനിമയെ ചേർത്തുവയ്‌ക്കുന്നവർ ധാരാളമുണ്ടാകും. ഒരു നേർത്ത കാറ്റിന്‍റെ ആർദ്രതയോടെ നമ്മെ തഴുകി കടന്നുപോകുന്ന ദൃശ്യഭാഷയാണ് ഈ 'ലഞ്ച്‌ബോക്‌സി'ന്‍റേത്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
അടുത്തിടെ, ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ "ഫ്ലോപ്പ് ചിത്രങ്ങളുടെ" പട്ടികയിൽ ലഞ്ച് ബോക്‌സിനെ ഉൾപ്പെടുത്തിയിരുന്നു (The Lunchbox A Flop Movie post). എക്‌സില്‍ പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി ബോളിവുഡ് നടൻ വിജയ് വർമ്മയും (Vijay Varma) രംഗത്തെത്തി. "ഗ്ലോബൽ മാസ്റ്റർപീസ്" എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്. ചില ബോക്‌സോഫിസ് കണക്കുകൾക്കൊപ്പം ആയിരുന്നു താരത്തിന്‍റെ പോസ്റ്റ്.
സിനിമാപ്രേമിയെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ഉപയോക്താവാണ് താൻ രഹസ്യമായി ഇഷ്‌ടപ്പെട്ട 10 ഫ്ലോപ്പ് സിനിമകളുടെ പട്ടികയിൽ 'ലഞ്ച്‌ബോക്‌സി'നെ എഴുതിച്ചേർത്തത്. ഈ ലിസ്റ്റിലെ ആദ്യ ചിത്രവും 'ദി ലഞ്ച്ബോക്‌സ്' ആയിരുന്നു.
ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ടാണ് 'ദി ലഞ്ച്ബോക്‌സ്' ഇന്ത്യയിൽ നടത്തിയ ബോക്‌സോഫിസ് നേട്ടത്തിന്‍റെ സ്‌ക്രീൻഷോട്ടും വിജയ് വർമ്മ പങ്കിട്ടത്. ചിത്രം ബോക്‌സോഫിസിൽ 100 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ട്. “ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ സ്വതന്ത്ര സിനിമയാണ് 'ലഞ്ച്ബോക്‌സ്'. അവിശ്വസനീയമായ നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. ആഗോള മാസ്റ്റർപീസായാണ് ഈ ചിത്രം കണക്കാക്കപ്പെടുന്നത്. ഒരു പാരാമീറ്ററിലും ഈ സിനിമ ഒരു പരാജയമല്ല-”വിജയ് വർമ്മ എഴുതി (Vijay Varma respond The Lunchbox A Flop Movie post).