ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. വിജയ്‌യുടെ കരിയറിലെ 68-ാമത് ചിത്രം കൂടിയായ 'ദി ഗോട്' വെങ്കട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ് (Vijay starrer The Greatest of All Time new poster out).
ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്നുകൊണ്ടാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. വിജയ്‌ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, മലയാളി താരം അജ്‌മൽ അമീർ എന്നിവരാണ് പോസ്റ്ററിൽ. യുദ്ധ ഭൂമിയുടേതെന്ന് തോന്നിക്കുന്ന പശ്ചാത്തലവും താരങ്ങളുടെ നിറഞ്ഞ ചിരിയും കാണികളിൽ കൗതുകമുണർത്തുന്നു. ആയുധമേന്തിയാണ് നാലുപേരും പോസ്റ്ററിൽ തിളങ്ങുന്നത്.
ചിത്രത്തിന്‍റേതായി നേരത്തെ റിലീസ് ചെയ്‌ത പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പുതിയ പോസ്റ്ററും ആരാധകർ ആഘോഷമാക്കുകയാണ്. അതേസമയം ഒരു ടെെം ട്രാവൽ ചിത്രമായിരിക്കും 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇരട്ടവേഷത്തിലാകും വിജയ് ഈ ചിത്രത്തിൽ എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ ക്ലീൻ ഷേവ് ലുക്കിൽ ആരാധകർക്ക് മുന്നിലെത്തുന്ന വിജയ്‌യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതും ഈ ചിത്രത്തിന്‍റെ ഹൈപ്പ് കൂട്ടുന്നതായി.