തമിഴ് സിനിമാലോകം ഒരു സിനിമയ്ക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് (Lokesh Kanagaraj) അണിയിച്ചൊരുക്കുന്ന 'ലിയോ'യുടെ റിലീസിനായാണ് ആരാധകർ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിയാക്കി 'ലിയോ'യിലെ പ്രതിനായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്ജുന് ആണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. താരം അവതരിപ്പിക്കുന്ന ഹരോള്‍ഡ് ദാസ് എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംവിധായകന് ലോകേഷ് കനകരാജ് പങ്കുവച്ച 41 സെക്കൻഡ് വീഡിയോ ഇതിനോടകം സൈബറിടത്തില്‍ തരംഗമായി തീർന്നു.
അര്‍ജുന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മാസായാണ് വീഡിയോയില്‍ അര്ജുന് പ്രത്യക്ഷപ്പെടുന്നത്. വീഡിയോയുടെ അവസാന ഭാഗത്ത് അര്‍ജുന്റെ പുറകിലായി മലയാളികളുടെ ഇഷ്ട നടൻ ബാബു ആന്റണിയെയും കാണാനാകും.
നേരത്തെ ഇത്തരത്തില്‍ പ്രതിനായക വേഷത്തിൽ എത്തുന്ന സഞ്ജയ് ദത്തിന്റെ ഗ്ലിംപ്സ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആന്റണി ദാസ് എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് 'ലിയോ'യിൽ അവതരിപ്പിക്കുന്നത്. മാസ് ലുക്കിൽ തന്നെ ആയിരുന്നു സഞ്ജയ് ദത്തും. ഇപ്പോഴിതാ ഇതിനോട് കിടപിടിക്കുന്ന പ്രകടനം കാഴ്ചവച്ചാണ് അർജുനും എത്തുന്നത്.
തമിഴ് സിനിമ ലോകത്തെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ് എന്നതില്‍ തർക്കമില്ല. വിക്രം എന്ന സിനിമയ്ക്ക് ശേഷം പുതിയ ചിത്രവുമായി ലോകേഷ് എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. അടുത്തിടെയാണ് ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്.