സാജിദ് യഹിയ (Sajid Yahiya) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഖല്‍ബ്'. 'ഖല്‍ബ്' ടീസര്‍ റിലീസ് ചെയ്‌തു (Qalb Teaser Released). മനോഹരമായൊരു പ്രണയ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 'പ്രണയത്തിലൂടെയുള്ള ഹൃദയത്തിന്‍റെ യാത്രയ്‌ക്ക് ഏഴ് തലങ്ങള്‍ ഉണ്ടെന്ന് സൂഫി വര്യന്‍മാര്‍ പറയാറുണ്ട്...' -മനോഹരമായ ഈ വാചകത്തോടു കൂടിയാണ് 1.18 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആരംഭിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു ആണ് സിനിമയുടെ നിർമാണം. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ 20-ാമത് ചിത്രം കൂടിയാണ് 'ഖല്‍ബ്'. അതേസമയം സാജിദ് യഹിയയുടെ നാലാമത്തെ സംവിധാന സംരംഭം കൂടിയാണ് ചിത്രം.
മഞ്‌ജു വാര്യർ നായികയായി എത്തിയ 'മോഹൻലാൽ', 'ഇടി' എന്നീ സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് സാജിദ് യഹിയ. പിന്നീട് 'പല്ലൊട്ടി 90സ് കിഡ്‌സ്' എന്ന സിനിമയും സാജിദ് യഹിയ സംവിധാനം ചെയ്‌തു. കുട്ടികളെ കേന്ദ്രീകരിച്ചൊരുക്കിയ ചിത്രമായിരുന്നു 'പല്ലൊട്ടി'. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ 'പല്ലൊട്ടി 90സ് കിഡ്‌സ്'സിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
ആലപ്പുഴ ബീച്ചിന്‍റെ പശ്ചാത്തലത്തില്‍, അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ആലപ്പുഴയുടെ സംസ്‌കാരവും, ആചാരങ്ങളും, ജീവിതവുമെല്ലാം കോർത്തിണക്കി ജീവിത ഗന്ധിയായ ഒരു പ്രണയ കഥയാണ് 'ഖല്‍ബി'ല്‍ ദൃശ്യവത്‌കരിക്കുക. വലിയ മുതല്‍ മുടക്കില്‍ വിശാലമായ ക്യാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മികച്ച ആക്ഷൻ രംഗങ്ങളും, ഇമ്പമാർന്ന സംഗീതവും, വര്‍ണാഭമായ രംഗങ്ങളും ഒക്കെ കോർത്തിണക്കിയുള്ള ഒരു ക്ലീൻ എന്‍റര്‍ടെയിനറായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ചിത്രത്തിൽ രഞ്ജിത്ത് സജീവും, നെഹാനസ് സിനുവുമാണ് കേന്ദ കഥാപാതങ്ങളില്‍ എത്തുന്നത്. 'അങ്കമാലി ഡയറീസി'ന് ശേഷം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ചിത്രം കൂടിയാണ് 'ഖല്‍ബ്'.