വിജയ്-പ്രകാശ് രാജ് കൂട്ടുകെട്ടില്‍ വന്ന മിക്ക ചിത്രങ്ങളും തിയേറ്ററുകളില്‍ വന്‍വിജയം നേടിയവയാണ്. ദളപതി നായകനും പ്രകാശ് രാജ് വില്ലനായും എത്തിയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് മികച്ച ട്രീറ്റ് തന്നെയാണ് സമ്മാനിച്ചത്. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഗില്ലി, പോക്കിരി എന്നീ രണ്ട് സിനിമകളും ബ്ലോക്ക്‌ബസ്റ്റര്‍ ഹിറ്റുകളായി മാറി.
പ്രഭുദേവ സംവിധാനം ചെയ്‌ത വില്ല് എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും വരികയാണ്. ബീസ്റ്റിന് ശേഷം വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ദളപതി 66ലാണ് പ്രകാശ് രാജും ഭാഗമാവുന്നത്.
വിജയ്‌ക്കൊപ്പം വീണ്ടും ഒരുമിച്ചഭിനയിക്കുന്നതിന്‍റെ സന്തോഷം പ്രകാശ് രാജ് തന്നെയാണ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചത്. ദളപതിക്കൊപ്പമുളള പുതിയ ഫോട്ടോ പോസ്‌റ്റ് ചെയ്‌ത നടന്‍ ട്വിറ്ററില്‍ കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി. "ഹായ് ചെല്ലംസ്, വി ആര്‍ ബാക്ക്' എന്നാണ് ദളപതി 66 എന്ന ഹാഷ്‌ടാഗിനൊപ്പം പ്രകാശ് രാജ് കുറിച്ചത്.
നിരവധി പേരാണ് ഇവരുടെ ചിത്രത്തിന് താഴെ കമന്‍റുകളുമായി എത്തിയത്. നിലവില്‍ ഹൈദരാബാദിലാണ് വിജയ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. രാഷ്‌മിക മന്ദാന നായികയാവുന്ന സിനിമയില്‍ പ്രഭുവും ശരത് കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്നു. വംശി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുക.
ദില്‍ രാജു നിര്‍മിക്കുന്ന ചിത്രത്തിന് എസ് തമന്‍ സംഗീതമൊരുക്കുന്നു. 2023 പൊങ്കല്‍ റിലീസായിട്ടാണ് വിജയ് ചിത്രം തിയേറ്ററുകളിലെത്തുക. ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദിലെത്തിയ വിജയുടെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ കാണാനും തമിഴ് സൂപ്പര്‍ താരം എത്തി.
ദളപതി 66ന് പിന്നാലെ മാസ്‌റ്റര്‍ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയിലാണ് വിജയ് എത്തുക. അടുത്തിടെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ലോകേഷ് തന്നെ വിജയ് ചിത്രത്തെ കുറിച്ച് മനസുതുറന്നിരുന്നു. ഒരു മാസ് ആന്‍ഡ് ക്ലാസ് ചിത്രമായിരിക്കും ദളപതിയെ വച്ചൊരുക്കുക എന്ന സൂചനകളും സംവിധായകന്‍ നല്‍കി.
വിജയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ബീസ്‌റ്റ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എപ്രില്‍ 13ന് തിയേറ്ററുകളിലെത്തിയ സിനിമ ബോക്സോഫീസില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബീസ്‌റ്റിന് ശേഷമുളള തമിഴ് സൂപ്പര്‍ താരത്തിന്‍റെ പുതിയ സിനിമകള്‍ക്കായി വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍.