ഹൈദരാബാദ്:ബോളിവുഡിന്‍റെ പ്രിയ താരം വിക്കി കൗശൽ നായകനായെത്തിയ പുതിയ ചിത്രമാണ് 'സാം ബഹാദുര്‍'. ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യ വ്യക്തി സാം മനേക് ഷായുടെ ജീവിതം പറയുന്ന ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ സാം മനേക് ഷാ ആയി വേഷമിട്ട വിക്കി കൗശലിന്‍റെ പ്രകടനം കയ്യടി നേടുന്നുണ്ട്.
രൺബീർ കപൂർ നായകനായ സന്ദീപ് വാംഗ ചിത്രം 'ആനിമൽ' ആണ് 'സാം ബഹാദുറി'ന്‍റെ ബോക്‌സ് ഓഫിസിലെ പ്രധാന എതിരാളി. 'ആനിമൽ' റിലീസിനെ തുടർന്ന് ബോക്‌സ് ഓഫിസിൽ മന്ദഗതിയിലാണ് 'സാം ബഹാദുർ' യാത്ര ആരംഭിച്ചത്. 'ആനിമൽ' തരംഗത്തിനിടയിലും ശനിയാഴ്‌ച ചിത്രം 6.75 കോടി രൂപ നേടി.
ഇതോടെ 'സാം ബഹാദുറി'ന്‍റെ മൊത്തം ആഭ്യന്തര വരുമാനം 49.05 കോടി രൂപയിലെത്തി എന്നാണ് ഇൻഡസ്‌ട്രി ട്രാക്കിംഗ് വെബ്‌സൈറ്റ് സാക്‌നിൽക്കിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 'സാം ബഹാദുറി'ന്‍റെ ആദ്യ ദിവസത്തെ കലക്ഷൻ 6.25 കോടി ആയിരുന്നു. ഡിസംബർ 2 ശനിയാഴ്‌ച ചിത്രം 9 കോടിയും ഞായറാഴ്‌ച 10.03 കോടിയും നേടി. പിന്നാലെ ബോക്‌സ് ഓഫിസിൽ മങ്ങിയ പ്രകടനമാണ് ചിത്രത്തിന് കാഴ്‌ചവയ്‌ക്കാനായത്. ഡിസംബർ 9ന് വീണ്ടും 6.75 കോടി നേട്ടത്തിലേക്കെത്താൻ 'സാം ബഹാദുറി'നായി.
ആഗോളതലത്തിൽ 53.8 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. നിരൂപകരിൽ നിന്നടക്കം മികച്ച പ്രതികരണം ചിത്രം നേടുന്നുണ്ടെങ്കിലും, രൺബീർ കപൂറിന്‍റെ 'ആനിമൽ' റിലീസാണ് 'സാം ബഹാദുറി'ന് തിരിച്ചടിയായത്. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്‌ത ക്രൈം ത്രില്ലർ 'ആനിമൽ' ആഗോളതലത്തിൽ ഇതിനോടകം 563.03 കോടി നേടിക്കഴിഞ്ഞു.