ഹൈദരാബാദ് : മുന്‍ കേന്ദ്രമന്ത്രിയും തെലുഗു സിനിമ നടനുമായ ഉപ്പളപതി കൃഷ്‌ണം രാജു (83) അന്തരിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയ സ്‌തംഭനം മൂലം ഇന്ന് (11-08-2022) പുലർച്ചെയാണ് മരണം സംഭവിച്ചത്.
കൊവിഡാനന്തര അവശതകള്‍ നേരിട്ടതിനെ തുടര്‍ന്ന്, 83 വയസുള്ള അദ്ദേഹത്തെ ഓഗസ്‌റ്റ് 5 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്, അദ്ദേഹത്തെ പരിചരിച്ചിരുന്നത്. ന്യുമോണിയ കടുത്തത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സിനിമാജീവിതം :1966-ല്‍ പുറത്തിറങ്ങിയ 'ചിലക ഗോറിങ്ക' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തന്‍റെ അഭിനയശൈലി കാരണം 'റിബല്‍ സ്‌റ്റാര്‍' എന്ന പേരിലാണ് അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. 180-ഓളം ചിത്രങ്ങളില്‍ വേഷമിട്ട ഉപ്പളപതി കൃഷ്‌ണം രാജു നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
രാഷ്‌ട്രീയ ജീവിതം: 1990 കളുടെ അവസാനത്തോടെയാണ് അദ്ദേഹം രാഷ്‌ട്രീയത്തില്‍ സജീവമായത്. ബിജെപി അംഗമായിരുന്ന ഉപ്പളപതി കൃഷ്‌ണം രാജു രണ്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1999-2004 കാലഘട്ടത്തില്‍ വാജ്‌പേയ് സര്‍ക്കാരിന്‍റെ കാലത്ത് അദ്ദേഹം വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്‌ഠിച്ചു.
ഉപ്പളപതി കൃഷ്‌ണം രാജുവിന്‍റെ വിയോഗത്തില്‍ തെലങ്കാന മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ വിയോഗം തെലുഗു സിനിമയ്‌ക്ക് തീരാനഷ്‌ടം ആണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടു. കൃഷ്‌ണം രാജുവിന്‍റെ മരണം വേദനാജനകമാണെന്നും ബിജെപിക്കും തെലുഗു സിനിമ വ്യവസായത്തിനും ജനങ്ങൾക്കും വലിയ നഷ്‌ടമാണെന്നുമായിരുന്നു തെലങ്കാന പാര്‍ട്ടി ഘടകം അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന്‍റെ പ്രതികരണം.