ആർ ഡി എക്‌സിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും സാം സി എസ് മാജിക്. ഷെയിൻ നിഗം -സണ്ണി വെയ്ൻ ചിത്രം വേലയിലെ "ബമ്പാഡിയോ" എന്ന കിടിലൻ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്‌തത് (Bambadiyo Lyrical). അൻവർ അലിയുടെതാണ് ഗാനത്തിന്‍റെ വരികൾ. സാം സി എസ്സും ആന്‍റണി ദാസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേല നവംബർ 10ന് തിയേറ്ററുകളിലേക്കെത്തും (Vela Movie Lyrical Song Out).
ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. എം സജാസാണ് ചിത്രത്തിന്‍റെ തിരക്കഥ. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്. പൊലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം (Shane Nigam) ഉല്ലാസ് അഗസ്റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പൊലീസ് കഥാപാത്രത്തെ സണ്ണിവെയ്‌നും (Sunny Wayne) അവതരിപ്പിക്കുന്നു.
സിദ്ധാർഥ് ഭരതനും (Sidharth Bharathan) ചിത്രത്തിൽ ശ്രദ്ധേയമായ പൊലീസ് കഥാപാത്രത്തിലെത്തുന്നു. സിൻസിൽ സെല്ലുലോയ്‌ഡിന്‍റെ ബാനറിൽ എസ്. ജോർജാണ് നിർമ്മിക്കുന്നത്. അതിഥി ബാലൻ (Aditi Balan) പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്‍റെ സഹനിർമ്മാതാക്കൾ.