ഷെയിൻ നിഗം (Shane Nigam), സണ്ണി വെയ്‌ന്‍ (Sunny Wayne) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വേല' (Vela). ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് (Vela audio rights) സ്വന്തമാക്കി ടി സീരീസ്. സിനിമയുടെ പുതിയ പോസ്‌റ്ററിനൊപ്പമാണ് ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയ വിവരം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
തീ കത്തിപ്പടരുന്ന അറിയിപ്പിന്‍റെ ഒരു വശത്ത് ഷെയിന്‍ നിഗവും മറുവശത്ത് സണ്ണി വെയ്‌നും നടുവിലായി ടി സീരീസിന്‍റെ ലോഗോയുമുള്ളതാണ് പോസ്റ്റര്‍. താഴെയായി രണ്ട് സ്‌പീക്കറും നടുവിലായി ഒരു റേഡിയോയും കാണാം. സണ്ണി വെയ്‌ന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ 'വേല'യുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയ വിവരം പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ 'വേല'യുടെ ഉദ്വേഗജനകമായ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) 'കിംഗ് ഓഫ് കൊത്ത'യുടെ (King of Kotha) റിലീസിനൊപ്പമാണ് 'വേല'യുടെ ട്രെയിലറും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന 1.55 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറായിരുന്നു 'വേല'യുടേത്.
ഒരു പൊലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഉല്ലാസ് അഗസ്‌റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ഷെയിന്‍ നിഗം എത്തുന്നത്. മല്ലികാർജ്ജുനന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി സണ്ണി വെയ്‌നും (Sunny Wayne) വേഷമിടുന്നു. ഷെയിൻ നിഗവും സണ്ണി വെയ്‌നും തമ്മില്‍ കൊമ്പുകോർക്കുന്ന രംഗങ്ങള്‍ ട്രെയിലറില്‍ ദൃശ്യമായിരുന്നു.
ഷെയിന്‍ നിഗം, സണ്ണി വെയ്‌ന്‍ എന്നിവരുടെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതന്‍, അതിഥി ബാലന്‍ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. പാലക്കാടും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം.
എം സജാസ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജൻ ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്ര സംയോജനവും നിര്‍വഹിച്ചിരിക്കുന്നു. സാം സി എസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
സിൻസിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ് ജോർജ് ആണ് നിര്‍മാണം. ബാദുഷ പ്രൊഡക്ഷൻസാണ് സിനിമയുടെ സഹ നിർമാതാക്കൾ. ദുൽഖർ സൽമാന്‍റെ വേഫാറർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
കലാസംവിധാനം - ബിനോയ് തലക്കുളത്തൂർ, കൊറിയോഗ്രഫി - കുമാർ ശാന്തി, സംഘട്ടനം - പി സി സ്‌റ്റണ്ട്‍സ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്‍ണൻ, മേക്കപ്പ് - അമൽ ചന്ദ്രൻ, അസിസ്‌റ്റന്‍റ് ഡയറക്ടേഴ്‌സ് - അദിത്ത് എച്ച് പ്രസാദ്, അഭിലാഷ് പി ബി, ഷിനോസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ - മൻസൂർ, സൗണ്ട് ഡിസൈൻ - എം ആർ രാജാകൃഷ്‌ണൻ, ഡിസൈൻസ് - ടൂണി ജോൺ, പ്രൊജക്‌ട് ഡിസൈനർ - ലിബർ ഡേഡ് ഫിലിംസ്, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, സ്‌റ്റിൽസ് - ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി - ഓൾഡ് മോങ്ക്‌സ്, പിആർഒ - പ്രതീഷ് ശേഖർ.