അവയവദാന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ സിനിമയ്‌ക്ക് സാധിച്ചിട്ടുണ്ടെന്ന് 'വെടിക്കെട്ടി'ന്‍റെ അണിയറ പ്രവര്‍ത്തകര്‍ തിരുവനന്തപുരം :അവയവദാനം എന്ന സന്ദേശം സമൂഹത്തിനാകെ പകരുന്നതിലൂടെ ശ്രദ്ധേയമായ മലയാള ചിത്രം 'വെടിക്കെട്ടി'നെതിരെ പ്രചാരണവുമായി ചിലയാളുകള്‍ രംഗത്തുവന്നിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍. ഇത് സിനിമയ്‌ക്കെതിരായ പ്രചാരണം എന്നതിനുപരി അവയവദാനം എന്ന മഹത്തായ കര്‍മ്മത്തെ നിരുത്സാഹപ്പെടുത്തുന്ന നീക്കമായി മാത്രമേ കാണാനാകൂവെന്ന് നടനും സിനിമയുടെ സംവിധായകനുമായ വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ചിത്രത്തിന്‍റെ മറ്റൊരു സംവിധായകനായ ബിബിന്‍ ജോര്‍ജ്, നിര്‍മ്മാതാവ് ബാദുഷ എം.എന്‍, നായിക ഐശ്വര്യ അനില്‍കുമാര്‍ എന്നിവര്‍ ആരോപിച്ചു.
സിനിമ കണ്ടതിനുശേഷം അവയവദാനത്തിന് സന്നദ്ധരായി നിരവധി പേര്‍ രംഗത്തുവന്നു എന്ന് ബിബിന്‍ ജോര്‍ജ് പറഞ്ഞു. സിനിമ കണ്ടതിനുശേഷം പത്തനാപുരത്തുനിന്നുള്ള ഒരു വീട്ടമ്മ അവയവാദത്തിന് സന്നദ്ധയായി വിളിച്ചു. ഇത് അവയവദാനം എന്ന സന്ദേശം സിനിമയിലൂടെ എത്രമാത്രം ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചു എന്നതിന് തെളിവാണ്.
ഇതുവരെ സിനിമ കണ്ട 35ലധികം പേര്‍ അവയവദാന സമ്മതപത്രം തങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സമ്മത പത്രങ്ങള്‍ ആരോഗ്യ മന്ത്രിക്ക് കൊച്ചിയില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ച് കൈമാറാനുള്ള തയ്യാറെടുപ്പിലാണ്.
കോളനി പടം എന്നും ജാതീയമായ അധിക്ഷേപമുള്ളതെന്നും പറഞ്ഞ് സിനിമയെ തളര്‍ത്താനാകില്ല. കോളനി പടം എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് അവിടങ്ങളില്‍ താമസിക്കുന്നവരും മനുഷ്യരല്ലേ എന്നാണ്. മാത്രമല്ല കോളനികളില്‍ താമസിക്കുന്നവരുടെ കാര്യങ്ങള്‍ സിനിമയില്‍ പ്രതിപാദിച്ചാല്‍ എന്താണ് കുഴപ്പമെന്നും അത് അഭിമാനമാണെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയം ജനങ്ങള്‍ ശരിയായ അര്‍ഥത്തില്‍ തന്നെ ഏറ്റെടുത്തിട്ടുണ്ട്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്ന റിപ്പോര്‍ട്ടുകളാണ് എല്ലാ പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവരുന്നതെന്നും ബിബിന്‍ ജോര്‍ജ് പറഞ്ഞു.
സിനിമയില്‍ 200 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി എന്നത് ഒരു റിസ്‌കല്ലേ എന്ന ചോദ്യത്തിന് അത് സംവിധായകരില്‍ തനിക്കുള്ള വിശ്വാസമാണെന്ന് ബാദുഷ.എന്‍.എം പറഞ്ഞു. വിഷ്‌ണുവും ബിബിനും ചേര്‍ന്ന് ഒരു സിനിമ സംവിധാനം ചെയ്‌താല്‍ ആ സിനിമ നിര്‍മ്മിക്കാമെന്ന് താന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ സംവിധാനം ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നപ്പോള്‍ അവര്‍ പറഞ്ഞത് സിനിമയില്‍ മുഴുവന്‍ പുതുമുഖങ്ങളായിരിക്കുമെന്നാണ്.
സംവിധായകരില്‍ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം ശരിയാണെന്നാണ് സിനിമയുടെ വിജയം തെളിയിക്കുന്നതെന്നും നിര്‍മാതാവ് ബാദുഷ പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ല കമ്മിറ്റിയും കേസരി സ്മാരക ജേര്‍ണലിസം ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു വെടിക്കെട്ടിന്‍റെ അണിയറ പ്രവര്‍ത്തകര്‍.