മുംബൈ:ബോളിവുഡ് യുവതാരങ്ങളുടെ നിരയിൽ അഭിനയ മികവുകൊണ്ട് മുന്നിട്ടു നിൽക്കുന്ന രണ്ട് പേരാണ് വരുൺ ധവാനും ജാൻവി കപൂറും. ചുരുങ്ങിയ സിനിമകൾകൊണ്ടു തന്നെ തങ്ങളുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ആരാധകരെ വാരിക്കൂട്ടിയ താരങ്ങളാണ് ഇരുവരും. ഇവർ ഒന്നിക്കുന്ന ആദ്യചിത്രമായ ‘ബവാൽ’ സിനിമയുടെ പ്രഖ്യാപനം മുതൽ വലിയ ആകാംക്ഷയിലാണ് സിനിമ ലോകം.
സിനിമയുടെ റിലീസിനു വേണ്ടി കാത്തിരുന്ന ആരാധകർക്ക് ആവേശം നല്‍കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സോഷ്യൽ ഡ്രാമ വിഭാഗത്തിൽ വരാനിരിക്കുന്ന ‘ബവാൽ’ സിനിമയുടെ പുതിയ റിലീസ് തിയതി ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു.
‘ദേശീയ അവാർഡ് ജേതാക്കളായ സാജിദ് നദിയാദ്‌വാല, നിതേഷ് തിവാരി എന്നിവർ ബവാലുമായി തിരിച്ചെത്തിയിരിക്കുന്നു. അവരുടെ എക്കാലത്തെയും മികച്ച ചിത്രം 2023 ഒക്ടോബർ 6-ന് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ എത്തുന്നു. വരുൺ ധവാനും ജാൻവി കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്നു.’ പ്രൊഡക്ഷൻ ഹൗസായ നദിയാദ്‌വാല ഗ്രാൻഡ്‌സൺ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചു.
‘ബവാൽ’ 2023 ഒക്‌ടോബർ 6-ന് തിയേറ്ററുകളിൽ:ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ‘ബവാൽ’ 2023 ഒക്‌ടോബർ 6-ന് തിയേറ്ററുകളിൽ എത്തുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ വരുൺ ധവാനും ജാൻവി കപൂറും പ്രധാന വേഷങ്ങളിൽ എത്തും. 2023 ഏപ്രിൽ 7 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും, വരാനിരിക്കുന്ന വിഎഫ്എക്സും സാങ്കേതിക ആവശ്യകതകളും കണക്കിലെടുത്താണ് ചിത്രത്തിൻ്റെ റിലീസ് നീട്ടിവെക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ലഖ്‌നൗവിൽ വെച്ച് സിനിമയുടെ പോസ്‌റ്റ് പ്രൊഡക്‌ഷൻ ജോലികൾ അവസാനിപ്പിച്ച് ടീം നെതർലാൻഡിലെ ആംസ്റ്റർഡാമിലേക്ക് പോയിരുന്നു.