വളര്‍ത്തുമൃഗങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ചിത്രമാണ് 'വാലാട്ടി - ടെയില്‍ ഓഫ് ടെയില്‍സ്' Valatty Tale of Tails. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ശ്വാനരേ' എന്ന തീം സോംഗാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ആനിമേഷന്‍ വീഡിയോയാണ് മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനം നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് വരുണ്‍ സുനിലിന്‍റെ സംഗീതത്തില്‍ കൃഷ്‌ണയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അടുത്തിടെ 'വാലാട്ടി'യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കാഴ്‌ചക്കാരുടെ ഹൃദയം കവരുന്നതായിരുന്നു 'വാലാട്ടി'യുടെ ട്രെയിലര്‍. ജൂലൈ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
നായകളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള മലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് 'വാലാട്ടി'. പതിനൊന്ന് നായകളും ഒരു പൂവന്‍ കോഴിയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഇതിലെ നായകള്‍ക്കും പൂവന്‍ കോഴിക്കും ശബ്‌ദം നല്‍കിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ്. എന്നാല്‍ ഈ താരങ്ങള്‍ ആരൊക്കെ എന്നത് 'വാലാട്ടി' തിയേറ്ററുകളില്‍ എത്തുന്നത് വരെയും സസ്‌പെന്‍സായി തന്നെ തുടരുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
വിഎഫ്‌എക്‌സിന്‍റെ സഹായം ഇല്ലാതെ യഥാര്‍ഥ നായകളെയാണ് 'വാലാട്ടി'യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നായകളെ വളര്‍ത്താനും സിനിമയ്‌ക്ക് ആവശ്യമായ ട്രെയിനിംഗ് നല്‍കാനും മറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി അണിയറപ്രവര്‍ത്തകര്‍ക്ക് മൂന്ന് വര്‍ഷത്തിലധികം സമയമെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നവാഗതനായ ദേവനാണ് സംവിധാനവും തിരക്കഥയും. 'വാലാട്ടി' തന്‍റെ സ്വപ്‌ന ചിത്രമാണെന്ന് സംവിധായകന്‍ ദേവന്‍ പറയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ Friday Film House ബാനറില്‍ വിജയ് ബാബുവാണ് സിനിമയുടെ നിര്‍മാണം. ഫ്രൈഡേ ഫിലിം ഹൗസ് പരിചയപ്പെടുത്തുന്ന 14-ാമത്തെ പുതുമുഖ സംവിധായകനാണ് ദേവന്‍. ഫ്രൈഡേ ഫിലിംസിന്‍റെ ഏറ്റവും വലിയ പരീക്ഷണ ചിത്രമാണ് 'വാലാട്ടി' എന്നാണ് നിര്‍മാതാവ് വിജയ് ബാബു പറയുന്നത്.
വിഷ്‌ണു പണിക്കര്‍ ഛായാഗ്രഹണവും അയ്യൂബ് ഖാന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വരുണ്‍ സുനില്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read:മലയാള സിനിമയിലെ അത്‌ഭുത പരീക്ഷണം, 11 നായ്‌ക്കുട്ടികളും ഒരു പൂവനും ; 'വാലാട്ടി' വരുന്നു
ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - സംഗീത് പി രാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി സുശീലന്‍, കോസ്‌റ്റ്യൂം ഡിസൈന്‍ - ജിതിന്‍ ജോസ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, കലാ സംവിധാനം - അരുണ്‍ വെഞ്ഞാറമ്മൂട്, വിഎഫ്‌എക്‌സ് - ഗ്രീന്‍ ഗോള്‍ഡ് അനിമേഷന്‍, വിഎഫ്‌എക്‌സ് സൂപ്പര്‍വൈസര്‍ - ജിഷ്‌ണു പി ദേവ്, സ്‌പോട്ട് എഡിറ്റര്‍ - നിതീഷ് കെടിആര്‍, മോഷന്‍ പോസ്‌റ്റര്‍ - ജിഷ്‌ണു എസ് ദേവ്, കളറിസ്‌റ്റ് - വിവേക് വി നായര്‍, പോസ്‌റ്റര്‍ ഡിസൈന്‍ - ഓള്‍ഡ് മങ്ക്‌സ്, സ്‌റ്റില്‍സ് - വിഷ്‌ണു എസ് രാജന്‍, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്.