തമിഴ് സിനിമ ലോകത്ത് ഇതിനോടകം തന്‍റേതായ ഒരു ലോകം സൃഷ്‌ടിച്ച സംവിധായകനാണ് വെട്രിമാരൻ. സിനിമയ്‌ക്ക് അപ്പുറത്ത് അടയാളപ്പെടുത്തലുകൾ ആവശ്യമായ ചില കാര്യങ്ങൾ കൂടി പറഞ്ഞുവയ്‌ക്കുന്നതാണ് അദ്ദേഹത്തിന്‍റെ രീതിയെന്നും പറയാം. വ്യവസ്ഥിതികളോട്, കാലത്തിനോട് തന്നെ കലഹിക്കുന്നതാണ് വെട്രിമാരൻ സിനിമകൾ.
ജാതീയതയും ദലിത് ജനതയുടെ ജീവിതവും അതിജീവനത്തിനായി അവർ നടത്തുന്ന പോരാട്ടങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ സിനിമകൾക്ക് പാത്രമാണ്. അടിസ്ഥാന വർഗത്തിന്‍റെ പോരാട്ടങ്ങളെ മേമ്പൊടികളൊന്നുമില്ലാതെ വെട്രിമാരൻ സിനിമകൾ പകർത്തി വയ്‌ക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ വെട്രിമാരന്‍റെ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വാടിവാസൽ'.
നടിപ്പിൻ നായകൻ സൂര്യ നായകനാകുന്നു എന്നത് കൊണ്ടും സവിശേഷമാണ് 'വാടിവാസൽ'. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ചില കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് വെട്രിമാരൻ. 'വിടുതലൈ 2' ന് ശേഷം 'വാടിവാസൽ' ആരംഭിക്കുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടെയാണ് 'വാടിവാസലി'നെക്കുറിച്ച് വെട്രിമാരൻ മനസ് തുറന്നത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വിടുതലൈ 2 ന് ശേഷം വാടിവാസൽ ആരംഭിക്കും. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ലണ്ടനിൽ ആനിമേട്രോണിക്‌സ് വർക്കുകൾ നടക്കുന്നു. സിനിമയിലെ കാളയുടെ സൈസിൽ ഞങ്ങൾ ഒരു റോബോ സൃഷ്‌ടിക്കുകയാണ്. അവന്‍റെ ഒരു പകർപ്പ് തന്നെ സൃഷ്‌ടിക്കാനുള്ള ഒരുക്കത്തിനാണ് ഞങ്ങൾ'- സംവിധായകന്‍റെ വാക്കുകൾ.
സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് 'വാടിവാസൽ'. ജെല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന സിനിമയില്‍ കാളയുൾപ്പടെ അത്യുഗ്രൻ ദൃശ്യ വിസ്‌മയമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് സംവിധായകന്‍റെ തന്നെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. അച്ഛന്‍റെ മരണത്തിന് കാരണക്കാരനായ 'കാരി' എന്ന കാളയെ ജെല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ് 'വാടിവാസല്‍' എന്ന നോവല്‍ പറയുന്നത്. ഏതായാലും സൂര്യയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായി 'വാടിവാസൽ' മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കലൈപ്പുലി എസ് താണുവാണ് വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ചിത്രം നിർമിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. 'വാടിവാസൽ' 'വിടുതലൈ 2' ന് ശേഷം ആരംഭിക്കുന്നതിന്‍റെ ത്രില്ലിലാണ് ആരാധകർ.
അതേസമയം അഞ്ച് വര്‍ഷമായി വെട്രിമാരന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‍ന പദ്ധതി ആയിരുന്നു ‘വിടുതലൈ’. ബി.ജയമോഹന്‍റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്‌പദമാക്കി വെട്രിമാരന്‍ തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്‌ത ചിത്രമാണിത്. സൂരി നായകനായ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. സൂരി എന്ന നടന്‍റെ അതിഗംഭീര പ്രകടനം എടുത്തുപറയേണ്ടതാണ്. വിജയ് സേതുപതിയുമുണ്ട് ചിത്രത്തില്‍. സായുധവിപ്ലവത്തിലൂടെ ഒരു നാടിന്‍റെ മോചനം ലക്ഷ്യം വച്ച മക്കള്‍പ്പടയെയാണ് ചിത്രം വരച്ചുകാട്ടുന്നത്.
രണ്ടു ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ആദ്യഭാഗത്ത് പ്രണയവും സസ്‌പെന്‍സും സെന്‍റിമെന്‍സുമൊക്കെയാണ് വന്നുപോകുന്നത്. അടുത്ത ഭാഗത്തില്‍ വിജയ് സേതുപതിയുടെ പെരുമാള്‍ എന്ന വാധ്യാര്‍ വാഴുന്ന കാഴ്‌ച കൂടിയുണ്ടാകുമെന്ന് പറഞ്ഞുവച്ചാണ് സിനിമ അവസാനിക്കുന്നത്. നാല് കോടി രൂപ ബജറ്റിൽ ആദ്യം ആലോചിച്ച ചിത്രം പിന്നീട് 40 കോടി മുതല്‍മുടക്കിലേക്ക് എത്തിയിരുന്നു. ഇളയരാജയുടെ സംഗീതവും ആര്‍. വേല്‍രാജിന്‍റെ കാമറക്കണ്ണുകളുമെല്ലാം എടുത്തുപറയേണ്ടതാണ്.