ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തി, ദേശീയ പുരസ്‌കാരം നേടിയ 'ആളൊരുക്കം' (Aalorukkam) എന്ന സിനിമയുടെ സംവിധായകൻ വി സി അഭിലാഷ് പുതിയ ചിത്രവുമായി വീണ്ടും പ്രേക്ഷകരിലേക്ക്. 'എ പാൻ ഇന്ത്യൻ സ്റ്റോറി' എന്ന ചിത്രവുമായാണ് വി സി അഭിലാഷ് എത്തുന്നത്. സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവന്നു (A Pan Indian Story Motion Poster Out).
വ്യത്യസ്‌തത നിറഞ്ഞ അവതരണം കൊണ്ട് കയ്യടി നേടുകയാണ് പോസ്റ്റർ. ഏറെ നിഗൂഢത ഒളിപ്പിച്ച് വയ്‌ക്കുന്ന മോഷൻ പോസ്റ്റർ പ്രേക്ഷകരുടെ പ്രതീക്ഷകളും ഇരട്ടിയാക്കുന്നുണ്ട്. കന്നി ചിത്രമായ 'ആളൊരുക്ക'ത്തിലൂടെ തന്നെ പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ വി സി അഭിലാഷിന്‍റെ നാലാമത്തെ സിനിമയാണ് 'എ പാൻ ഇന്ത്യൻ സ്റ്റോറി'.
ഒട്ടേറെ ദേശീയ - അന്തർ ദേശീയ പുരസ്‌കാരങ്ങൾ നേടിയ 'ആളൊരുക്ക'ത്തിന് ശേഷം വി സി അഭിലാഷ് ഒരുക്കിയ 'ഒരു സുപ്രധാന കാര്യ'വും (Oru Supradhana Karyam) 'സബാഷ് ചന്ദ്രബോസും' (Sabash Chandrabose) ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയ സിനിമയുമായി വി സി അഭിലാഷ് എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. വിഷ്‌ണു ഉണ്ണികൃഷ്‌ണനാണ് 'എ പാൻ ഇന്ത്യൻ സ്റ്റോറി'യിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (A Pan Indian Story starring Vishnu Unnikrishnan).
മോഷൻ പോസ്റ്ററിലും വേറിട്ട പ്രകടനം താരം കാഴ്‌ചവയ്‌ക്കുന്നുണ്ട്. 'സബാഷ് ചന്ദ്രബോസി'ലും വിഷ്‌ണു ഉണ്ണികൃഷ്‌ണനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആഫ്രിക്കൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമയെന്ന നേട്ടവും 'സബാഷ് ചന്ദ്രബോസി'ന് സ്വന്തമാണ്.