ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തെ തുടര്‍ന്ന് പുക വ്യാപിച്ച സാഹചര്യത്തില്‍ കൊച്ചി നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. കൊച്ചി നിവാസികള്‍ അധികൃതരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍റെ പ്രതികരണം. കുറിപ്പിനൊപ്പം ജില്ല ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാനിര്‍ദേശങ്ങളെ കുറിച്ചുള്ള പോസ്‌റ്ററും നടന്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
'കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്‍റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റില്‍ അടുത്തിടെയുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന്, വീടിന് പുറത്തിറങ്ങുമ്പോള്‍, ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ നിങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് നിങ്ങള്‍ കരുതിയിരിക്കൂ' - ഉണ്ണി മുകുന്ദന്‍ കുറിച്ചു.
നടന്‍ പൃഥ്വിരാജും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. 'ദയവായി എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കുക' - എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. കൊച്ചിന്‍ എന്ന ഹാഷ്‌ടാഗില്‍ ജില്ല ഭരണകൂടത്തിന്‍റെ ജാഗ്രതാനിര്‍ദേശങ്ങളെ കുറിച്ചുള്ള പോസ്‌റ്ററും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
വിഷയത്തില്‍ കൊച്ചിയില്‍ താമസിക്കുന്ന സിനിമ താരങ്ങള്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഷിബു ജീ സുശീലന്‍ രംഗത്തെത്തിയിരുന്നു. 'കഴിഞ്ഞ കുറെ ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതിന് എതിരെ പ്രതികരിക്കാൻ കൊച്ചിയിൽ താമസിക്കുന്ന നമ്മുടെ സ്‌റ്റാറുകളായ മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ് തുടങ്ങി എല്ലാവരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു.
നമ്മൾ ഉറക്കത്തിലും ഈ വിഷ വായുവല്ലേ ശ്വസിക്കുന്നത്. അതോ നിങ്ങളുടെ വീടുകളിൽ വേറെ വായു ഉത്പാദിപ്പിക്കുന്നുണ്ടോ ? ജീവിക്കാൻ വേണ്ട ജീവ വായു നിഷേധിക്കുന്ന അധികാരികൾക്കെതിരെ സംസാരിക്കാൻ പോലും എന്താണ് കാലതാമസം.ഇങ്ങനെയുള്ള അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എന്തിനോടാണ് നിങ്ങൾ പ്രതികരിക്കുക.