ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. ഉണ്ണി മുകുന്ദൻ വേറിട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ പൂജ, സ്വിച്ചോൺ കർമ്മം നടന്നു. ചോറ്റാനിക്കര ദേവി ക്ഷേത്രാങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സംവിധായകൻ വിനയ് ഗോവിന്ദാണ് സ്വിച്ചോൺ കർമം നിർവ്വഹിച്ചത് (Unni Mukundan Nikhila Vimal starrer Get Set Baby pooja ceremony).
നിർമാതാവ് സജീവ് സോമൻ ആദ്യ ക്ലാപ്പടിച്ചു. സ്‌കന്ദ സിനിമാസ്, കിംഗ്‌സ് മെൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവരാണ് 'ഗെറ്റ് സെറ്റ് ബേബി'യുടെ നിർമാണം. ആധുനികകാല ജീവിതത്തിലെ രസകരവും വൈകാരികവുമായ നിമിഷങ്ങളെ കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.
ഫാമിലി എൻ്റർടെയിനറായി അണിയിച്ചൊരുക്കുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലേക്കും വെളിച്ചം വീശുന്നു. നർമത്തിനും ഏറെ പ്രാധാന്യം നൽകുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ ചിത്രീകരണം ജനുവരി 17ന് തുടങ്ങും. എറണാകുളത്ത് വച്ചാണ് ഷൂട്ടിംഗ്.
വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഈ സിനിമയ്‌ക്കായി കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ മഹേഷ് നാരായണനാണ്. സാം സി എസ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ - സുനിൽ കെ ജോർജ്, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - എബി ബെന്നി, രോഹിത് കിഷോർ, പി ആർ ഒ - എ എസ് ദിനേശ് എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ്.
താഹയുടെ സംവിധാനത്തിൽ 'കാജോളിന്‍റെ സിനിമാ പ്രവേശം':പ്രശസ്‌ത സംവിധായകൻ താഹ ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാജോളിന്‍റെ സിനിമാ പ്രവേശം'. ഐശ്വര്യ പ്രൊഡക്ഷൻസിന്‍റെയും സീലിയ ഫിലിം സെർക്യൂട്ടിന്‍റെയും ബാനറിൽ ബൈജു ഗോപാൽ, അലക്‌സാണ്ടർ, ബിബിൻ എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ പൂജ നടന്നു. എം പി ആരിഫ് പൂജ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു (Kajolinte Cinema Pravesham pooja ceremony).
മൂക്കില്ലാ രാജ്യത്ത്, വാരഫലം, ഈ പറക്കും തളിക തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് താഹ. 2011ൽ പുറത്തിറങ്ങിയ, മുകേഷും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'പാച്ചുവും കോവാലനു'മാണ് താഹ സംവിധാനം ചെയ്‌ത അവസാന ചിത്രം. അതേസമയം സജി ദാമോദർ ആണ് 'കാജോളിന്‍റെ സിനിമാ പ്രവേശത്തി'ന്‍റെ രചന നിർവഹിക്കുന്നത്. 'കപ്പൽ മുതലാളി', 'ഹൈലേസ', 'മഹാരാജ ടാക്കീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ഇദ്ദേഹം തിരക്കഥ നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'കാജോളിന്‍റെ സിനിമാ പ്രവേശം'.
READ MORE:താഹയുടെ സംവിധാനത്തിൽ 'കാജോളിന്‍റെ സിനിമാ പ്രവേശം'; പൂജ കഴിഞ്ഞു