'പടനായകൻ', 'സുദിനം', 'ബ്രിട്ടീഷ് മാർക്കറ്റ്', 'ത്രീ മെൻ ആർമി', 'ബുള്ളറ്റ്', 'അപരന്മാർ നഗരത്തിൽ' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടൂ മെൻ ആർമി'. 'ടൂ മെൻ ആർമി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. സംവിധായകന്‍റെ 27-ാമത് ചിത്രം കൂടിയാണ് 'ടൂ മെൻ ആർമി'.
സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ രണ്ട് പേരെ ചുറ്റിപറ്റിയാണ് 'ടൂ മെന്‍ ആര്‍മി'യുടെ കഥ പുരോഗമിക്കുന്നത്. ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ. ആ പണത്തിൽ കണ്ണുവച്ചെത്തുന്ന മറ്റൊരാൾ... ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ് 'ടൂ മെൻ ആർമി'യിൽ സംവിധായകന്‍ നിസാർ ദൃശ്യവത്‌കരിക്കുന്നത്. തികച്ചും വ്യത്യസ്‌തമായ പ്രമേയമായാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവരാണ് ഈ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ കൈലാഷ്, സുബ്രഹ്മണ്യൻ ബോൾഗാട്ടി, തിരുമല രാമചന്ദ്രൻ, അജു വി എസ്, സുജൻ കുമാർ, ജയ്‌സൺ മാർബേസിൽ, സതീഷ് നടേശൻ, സ്‌നിഗ്‌ധ, ഡിനി ഡാനിയേൽ, അനു ജോജി, രമ മോഹൻദാസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
എസ് കെ കമ്മ്യൂണിക്കേഷന്‍റെ ബാനറിൽ കാസിം കണ്ടോത്ത് ആണ് സിനിമയുടെ നിര്‍മാണം. പ്രസാദ് ഭാസ്‌കരൻ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കും. കനകരാജ് ആണ് ഛായാഗ്രഹണം. ടിജോ തങ്കച്ചൻ എഡിറ്റിങ്ങും നിര്‍വഹിക്കും. ആന്‍റണി പോളിന്‍റെ വരികള്‍ക്ക് അജയ് ജോസഫ് ആണ് സംഗീതം നല്‍കുന്നത്.
കലാസംവിധാനം - വത്സൻ, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, വസ്‌ത്രാലങ്കാരം - സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷിയാസ് മണോലിൽ, അസോസിയേറ്റ് ഡയറക്‌ടർ - റസൽ നിയാസ്, സംവിധാന സഹായികൾ - കരുൺ ഹരി, പ്രസാദ് കേയത്ത്, സ്‌റ്റില്‍സ് - അനിൽ പേരാമ്പ്ര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - എൻ കെ ദേവരാജ്, പിആർഒ - എഎസ് ദിനേശ് എന്നിവരും നിര്‍വഹിക്കുന്നു.
അതേസമയം 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962' (Jaladhara Pumpset Since 1962) ആണ് ഇന്ദ്രന്‍സിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഒരു ആക്ഷേപ ഹാസ്യ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഉര്‍വശിയും (Urvashi), ഇന്ദ്രന്‍സുമാണ് (Indrans) പ്രധാന വേഷങ്ങളില്‍ എത്തിയത്. കൂടാതെ സനുഷ, സാഗർ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
ആശിഷ് ചിന്നപ്പയാണ് ജലധാര പമ്പ് സെറ്റിന്‍റെ സംവിധാനം. വിജയരാഘവൻ, ശിവജി ഗുരുവായൂർ, ടി ജി രവി, അൽത്താഫ്, ജോണി ആന്‍റണി, ജയൻ ചേർത്തല, കലാഭവൻ ഹനീഫ്, ജെയ്, സജിൻ, ഹരിലാൽ പിആർ, രാമു മംഗലപ്പള്ളി, വിഷ്‌ണു ഗോവിന്ദ്, ജോഷി മേടയിൽ, തങ്കച്ചൻ, പരമേശ്വരൻ പാലക്കാട്, കോഴിക്കോട് ജയരാജ്, നിഷ സാരംഗ്, ആദിൽ റിയാസ്ഖാൻ, സുജാത തൃശൂർ, അഞ്ജലി നായർ, നിത ചേർത്തല, ശ്രീരമ്യ, സ്നേഹ ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍റിന്‍റെ ബാനറില്‍ ബൈജു ചെല്ലമ്മ, സംഗീത ശശിധരന്‍, സാഗര്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍റിന്‍റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് 'ജലധാര പമ്പ് സെറ്റ്'. സജിത് പുരുഷോത്തമൻ ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്‌ണന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ആശിഷ് ചിന്നപ്പ, പ്രജിന്‍ എം പി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
Also Read:കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റലും ജലധാര പമ്പ് സെറ്റും തിയേറ്ററുകളില്‍; ഈ വെള്ളിയാഴ്‌ച റിലീസുകള്‍..