ഹൈദരാബാദ് :തൃഷ കൃഷ്‌ണൻ ഉൾപ്പടെയുള്ള നടിമാരെ അപകീർത്തിപ്പെടുത്തുന്നതും സ്‌ത്രീ വിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയ നടൻ മൻസൂർ അലി ഖാനെതിരെ ഐപിസി സെക്ഷൻ 509 ബി പ്രകാരം കേസെടുക്കാൻ ചെന്നൈ ഡിജിപിയോട് അഭ്യർഥിച്ച് ദേശീയ വനിത കമ്മീഷൻ (എൻസിഡബ്ല്യു National Commission For Women - NCW). സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ഊന്നൽ നൽകുന്ന ഇത്തരം പരാമർശങ്ങളെ അപലപിക്കേണ്ടതിന്‍റെ ആവശ്യകതയും കമ്മീഷൻ ചൂണ്ടിക്കാട്ടി (Trisha-Mansoor Ali Khan controversy).
അടുത്തിടെ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു തൃഷയ്‌ക്കെതിരെ നടൻ മോശം പരാമർശം നടത്തിയത് (Mansoor Ali Khan Controversial remark against Trisha). ചിത്രത്തിൽ തൃഷയുമായി 'ബെഡ് റൂം സീൻ' പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു മൻസൂർ അലി ഖാന്‍റെ പരാമർശം. മുൻപ് സിനിമകളിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. താൻ ചെയ്‌ത സിനിമകളിലെ റേപ് സീനുകളൊന്നും 'ലിയോ'യിൽ ഇല്ലെന്നും ഉറപ്പായും 'ബെഡ് റൂം സീൻ' കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നുവെന്നും മൻസൂർ പറയുന്നു.
വിജയ്‌ക്കൊപ്പം തൃഷയും പ്രധാന വേഷത്തിൽ എത്തിയ 'ലിയോ'യിൽ മൻസൂർ അലി ഖാൻ വേഷമിട്ടിരുന്നു. അതേസമയം മന്‍സൂര്‍ അലി ഖാന്‍റെ വിവാദ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംവിധായകൻ ലോകേഷ് കനകരാജ്, ഗായിക ചിന്മയി, നിർമാതാവ് അർച്ചന, നടി മാളവിക മോഹനൻ തുടങ്ങി നിരവധിപേരാണ് നടനെതിരെ രംഗത്ത് വരുന്നത്. മൻസൂർ അലിഖാനെ ജയിലിൽ അടയ്ക്കണമെന്ന ആവശ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.