ടൊവിനോ തോമസ് (Tovino Thomas) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് 'നടികര്‍ തിലകം' (Nadikar Thilakam). 'നടികര്‍ തിലക'ത്തിന്‍റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, സുരേഷ് കൃഷ്‌ണ, ബാലു വര്‍ഗീസ് എന്നിവരാണ് പുതിയ പോസ്‌റ്ററില്‍.
സ്‌റ്റൈലിഷ് ലുക്കിലാണ് പോസ്‌റ്ററില്‍ ടൊവിനോ തോമസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തലമുടി നീട്ടി വളര്‍ത്തി ഹെയര്‍ പിന്‍ ചെയ്‌ത് കൂളിംഗ് ഗ്ലാസ് ധരിച്ച്, വായില്‍ സിഗരറ്റ് കടിച്ച് പിടിച്ച് നില്‍ക്കുന്ന ടൊവിനോയെയാണ് പോസ്‌റ്ററില്‍ കാണാനാവുക. സൗബിന്‍ ഷാഹിറും സ്‌റ്റൈലിഷ് കൂള്‍ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'നടികര്‍ തിലക'ത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ ടൊവിനോ തോമസിന്‍റെയും സൗബിന്‍ ഷാഹിറിന്‍റെയും ക്യാരക്‌ടര്‍ പോസ്‌റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇരുവരുടെയും ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
സൂപ്പര്‍ താരം ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. പല കാരണങ്ങളാൽ പ്രതിബന്ധങ്ങൾ നേരിടുന്ന ഡേവിഡ് പടിക്കലിന്‍റെ പ്രൊഫഷണൽ ജീവിതവും, ഈ വെല്ലുവിളികളിൽ നിന്നും സ്വയം മോചിതനാകാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളും കേന്ദ്രീകരിച്ചാണ് 'നടികര്‍ തിലക'ത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ബാല എന്ന കഥാപാത്രത്തെ സൗബിന്‍ ഷാഹിറും അവതരിപ്പിക്കും. ടൊവിനോ തോമസും സൗബിന്‍ ഷാഹിറും ഇതാദ്യമായാണ് ഒന്നിച്ചൊരു സിനിമയില്‍ എത്തുന്നത്.
'നടികര്‍ തിലക'ത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍. 120 ദിവസത്തെ ചിത്രീകരണമാണ് 'നടികര്‍ തിലക'ത്തിന്. ദുബായ്, കശ്‌മീര്‍, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍. 40 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. സമീപകാല മലയാള സിനിമയില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ് 'നടികര്‍ തിലകം'.
ജീൻ പോൾ ലാൽ (Jean Paul Lal) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവനയാണ് നായികയായി എത്തുന്നത്. കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍, രഞ്ജിത്ത്, അനൂപ് മേനോന്‍, ലാല്‍, ഇന്ദ്രന്‍സ്, ബാലു വര്‍ഗീസ്, മധുപാല്‍, സുരേഷ് കൃഷ്‌ണ, ഗണപതി, മണിക്കുട്ടന്‍, അല്‍ത്താഫ് സലിം, സഞ്ജു ശിവറാം, ഖാലിദ് റഹ്മാന്‍, മാലാ പാര്‍വതി, ജയരാജ് കോഴിക്കോട്, ബിപിന്‍ ചന്ദ്രന്‍, അഭിരാം പൊതുവാള്‍, മനോഹരി ജോയ്, ദേവികാ ഗോപാല്‍, അഖില്‍ കണ്ണപ്പന്‍, ബേബി ആരാധ്യ, രജിത് കുമാര്‍, ജസീര്‍ മഹമ്മദ്, ഖയസ് മുഹമ്മദ് തുടങ്ങിയവും ചിത്രത്തില്‍ അണിനിരക്കും.
സുവിന്‍ എസ് സോമശേഖരനാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ആല്‍ബി ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. യക്‌സിന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക.
കലാ സംവിധാനം - പ്രശാന്ത് മാധവ്, വസ്‌ത്രാലങ്കാരം - ഏക്‌ത ഭട്ടേത്, മേക്കപ്പ് - ആര്‍.ജി വയനാടന്‍, സൗണ്ട് ഡിസൈന്‍ - അരുണ്‍ വര്‍മ തമ്പുരാന്‍, ചീഫ് അസോഷ്യേറ്റ് - നിതിന്‍ മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കാരന്തൂര്‍, ഓഡിയോഗ്രഫി - ഡാന്‍ ജോസ് എന്നിവരും നിര്‍വഹിക്കും.
Also Read:Nadikar Thilakam| ലൈറ്റ് ക്യാമറ നടികര്‍ തിലകം! ടൊവിനോ തോമസ് ചിത്രം ഉടന്‍ ആരംഭിക്കും; പുതിയ പോസ്‌റ്റര്‍ ശ്രദ്ധേയം