നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് അഭിനന്ദന കുറിപ്പുമായി നടന്‍ ടൊവിനോ തോമസ്. സിംഗപ്പൂരിലെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയതിനാണ് ബേസിലിനെ അഭിനന്ദിച്ച് ടൊവിനോ തോമസ് രംഗത്തെത്തിയത്. അല്‍പം വൈകിയാണ് ടൊവിനോയുടെ കുറിപ്പ് എത്തിയതെങ്കിലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ഏറെ അഭിമാനത്തോടെ നോക്കി കാണുന്ന വളര്‍ച്ചയാണ് ബേസിലിന്‍റേത് എന്നും ഇനിയും കീഴടക്കാന്‍ ഉയരങ്ങള്‍ ഏറെയാണെന്നുമാണ് ടൊവിനോ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. 'ഒരു സുഹൃത്തെന്ന നിലയിലും, അവന്‍റെ സംവിധാനത്തിൽ അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും, ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ളയാളെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ, അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസില്‍ ജോസഫിന്‍റേത്.
ഒരുപക്ഷേ ഈ അവാർഡ് വാങ്ങി കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചത് എന്നെ ആയിരിക്കും. മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും. ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ്. വളരുക, വളരുക, മാനം മുട്ടെ വളരുക!!
Also Read:'ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനകരം' ; ബേസിലിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍
ബേസിലിനെ കുറിച്ച് ഇങ്ങനെയൊരു സീരിയസ് പോസ്‌റ്റ് എന്‍റെ ടൈം ലൈനില്‍ കാണുന്നതില്‍ നാടകീയത തോന്നുന്നു. എന്നാലും കിടക്കട്ടെ' - ടൊവിനോ തോമസ് കുറിച്ചു. കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ നന്ദി അറിയിച്ച് ബേസിലും രംഗത്തെത്തി. ടൊവിനോയുടെ പോസ്‌റ്റിന് മറുപടി കമന്‍റിടുകയായിരുന്നു ബേസില്‍. 'നന്ദി അളിയാ.. എന്‍റെ കണ്ണുനിറഞ്ഞു. സെഡ് ആയി...' - ബേസില്‍ കുറിച്ചു.