ഹൈദരാബാദ്:പ്രളയത്തിലകപ്പെട്ട കേരളത്തിന്‍റെ അതിജീവന കഥ പറഞ്ഞ '2018' ബോക്‌സോഫിസിൽ 100 കോടി കടന്നത് 10 ദിവസംകൊണ്ട്. അതിവേഗം നുറുകോടി ക്ലബ്ലിലെത്തുന്ന ആദ്യ ചിത്രമെന്ന സവിശേഷതയും '2018' സ്വന്തമാക്കി. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‌ത സർവൈവൽ ത്രില്ലറില്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, ലാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ALSO READ |'അതിജീവനത്തിന്‍റെ അവിശ്വസനീയമായ കഥ'; പ്രളയം മുക്കി കളഞ്ഞ കേരളത്തിന്‍റെ ഭീകര കാഴ്‌ചകളുമായി '2018 എവരിവണ്‍ ഈസ് എ ഹീറോ'
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 100 കോടി കലക്ഷന്‍ നേടിയതായി ചിത്രത്തിന്‍റെ സംവിധായകന്‍, സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ചിത്രത്തെ ബ്ലോക്ക്ബസ്റ്ററാക്കാന്‍ സഹായിച്ച പ്രേക്ഷകർക്കുള്ള നന്ദിയും ജൂഡ്, പോസ്റ്റ് പങ്കുവച്ചുകൊണ്ട് കുറിച്ചു. 2018ല്‍ കേരളത്തിനെ ദുരിതത്തിലാക്കിയ പ്രളയത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം 'എല്ലാവരും ഒരു ഹീറോയാണ്' എന്ന ടാഗ്‌ലൈനോടെയാണ് റിലീസിനെത്തിയത്.
ദുരന്തസമയത്ത് മലയാളികള്‍ പരസ്‌പരം താങ്ങായി നിന്നതും അതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. മെയ് അഞ്ചിന് പുറത്തിറങ്ങിയ ചിത്രം 20 കോടി ബജറ്റിലാണ് നിർമിച്ചത്. ദിവസങ്ങൾക്കുള്ളില്‍ അതിവേഗം ലാഭവിഹിതം മറികടന്നതിന്‍റെ ആഹ്‌ളാദത്തിലാണ് 2018ന്‍റെ അണിയറ പ്രവര്‍ത്തകര്‍.
ALSO READ |'കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍'; 2018ലെ പ്രളയവും അതിജീവനവും, വികാരനിര്‍ഭര കുറിപ്പുമായി ജൂഡ് ആന്‍റണി
നാല് വര്‍ഷം മുൻപാണ് ചിത്രം പ്രഖ്യാപിച്ചത്. പ്രഖ്യാപനം മുതല്‍ ചിത്രം മാധ്യമശ്രദ്ധ നേടിയിരുന്നു. '2403 ഫീറ്റ്' എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പിന്നീടത് മാറ്റുകയായിരുന്നു. ഫസ്റ്റ് ലുക്ക് തന്നെ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഫസ്റ്റ് ലുക്ക് ഇറങ്ങിയ സാഹചര്യത്തില്‍ സിനിമ ചെയ്യാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകന്‍ ജൂഡ് ആന്‍റണി രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായി. 2018 ഒക്‌ടോബറിലാണ് താന്‍ ഈ ചിത്രം പ്രഖ്യാപിച്ചത് എന്ന് കുറിച്ചുകൊണ്ടാണ് ജൂഡ് ആന്‍റണിയുടെ കുറിപ്പ്.
'അഖില്‍ പി ധര്‍മജന്‍ മാത്രം എന്നെ ആശ്വസിപ്പിച്ചു':'നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018 ഒക്‌ടോബര്‍ 16ന് ഞാന്‍ ഒരു സിനിമ അനൗണ്‍സ് ചെയ്‌തിരുന്നു. ജാതിമത പാര്‍ട്ടി ഭേദമന്യേ മലയാളികള്‍ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെക്കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു. മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ചിത്രീകരിക്കുന്നത് അസാധ്യമെന്ന് വരെ പറഞ്ഞു. കൂടെ എഴുതിയ അഖില്‍ പി ധര്‍മജന്‍, എന്‍റെ അനിയന്‍ അവര്‍ മാത്രം എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. കാലം കടന്നുപോയി, കൊവിഡ് വന്നു. ഈ സിനിമ എല്ലാവരും മറന്നു. പക്ഷേ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്വപ്‌നം വെറുതെ വിടാന്‍ മനസ് അനുവദിച്ചില്ല', - ജൂഡിന്‍റെ കുറിപ്പില്‍ പറയുന്നു.