കൊച്ചി :തല്ലുമാലയുടെ ഗംഭീര വിജയത്തിനുശേഷം ടൊവിനോ തോമസ് നായക വേഷത്തിലെത്തുന്ന സിനിമയാണ് ‘നീലവെളിച്ചം’. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിൻ്റെ നീലവെളിച്ചം എന്ന പുസ്‌തകത്തെ ആസ്‌പദമാക്കിയാണ് സംവിധായകൻ ആഷിഖ് അബു ചിത്രം ഒരുക്കുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽ വരുന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ ഏവരും വൻ പ്രതീക്ഷയിലാണ്. ഇപ്പോൾ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
പ്രേതബാധയുള്ള വീട്ടിൽ താമസിക്കാൻ എത്തുന്ന എഴുത്തുകാരൻ : പ്രേതബാധയുണ്ട് എന്ന് ആളുകൾ വിശ്വസിക്കുന്ന വീട്ടിൽ താമസിക്കാൻ എത്തുന്ന എഴുത്തുകാരന് ആ വീട്ടിൽവച്ചുണ്ടാകുന്ന അനുഭവങ്ങളെ വരച്ചുകാട്ടിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മാറാല കൊണ്ട് മൂടിയ ഒരു വാതിൽ തുറക്കുന്നത് കാണിച്ചുകൊണ്ടാണ് ട്രെയിലർ തുടങ്ങുന്നത്. 'ഒരു ഭയങ്കര ദുർമരണം നടന്ന വീടാണ് അതെന്നും അവിടെ ആകെ ഉള്ളത് ആ ആളെക്കൊല്ലി പ്രേതമാണെ'ന്നുമുള്ള ഡയലോഗാണ് പിന്നീട് കേൾക്കാൻ കഴിയുക. തുടർന്ന് അതേ വീട്ടിൽ താമസമാക്കുന്ന ടൊവിനോ തോമസിനേയും താനേ അടയുന്ന വാതിലുകളെയും ജനാലകളെയും കാണിച്ചുകൊണ്ട് ട്രെയിലർ മുന്നോട്ടുപോകുന്നു. ആ വീട്ടിൽ മുൻപ് താമസിച്ചിരുന്ന ഒരു പെൺകുട്ടി പ്രേമനൈരാശ്യം മൂലം അവിടെയുള്ള കിണറ്റിൽ ചാടി മരിച്ചു എന്ന് അറിയുന്ന ടൊവിനോ അതിന്‍റെ അടിത്തട്ടിലേക്ക് എത്തി നോക്കുന്നതും 'ഭാർഗവിക്കുട്ടീ നമ്മൾ തമ്മിൽ പരിചയമില്ല ഞാനാണ് ഈ വീട്ടിലെ പുതിയ താമസക്കാരൻ' എന്നുപറഞ്ഞ് പരിചയപ്പെടാൻ ശ്രമിക്കുന്നതും കാണാൻ സാധിക്കും. പിന്നീടങ്ങോട്ട് ആ വീട്ടിൽ സംഭവിക്കുന്ന അസാധാരണമായ സംഭവങ്ങളും ആ പെൺകുട്ടിയുടെ മരണത്തിനുപിന്നിലെ കാരണം അന്വഷിച്ച് ഇറങ്ങിത്തിരിക്കുന്ന കഥാകൃത്തിനെയുമാണ് കാണാനാവുക.
also read:'നീലവെളിച്ചം' വരുന്നു, നായകൻ ടൊവിനോ: റിലീസ് തീയതി പ്രഖ്യാപിച്ചു