ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനൊപ്പമുള്ള ചിത്രവുമായി നടൻ ടൊവിനോ തോമസ്. 'ഫാൻ ബോയ് മൊമന്‍റ്' എന്ന ഹാഷ്‌ടാഗോടെയാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പങ്കുവച്ചത്. ജിമ്മിൽവച്ചാണ് ഇരുവരുടേയും സമാഗമം. ഏതായാലും ചിത്രം സൈബറിടത്തിൽ വൈറലായി കഴിഞ്ഞു (Tovino Thomas with muttiah muralitharan).
ഇതിഹാസ സ്‌പിന്നർ മുത്തയ്യ മുരളീധരനെ കാണാനുള്ള ഭാഗ്യം ഉണ്ടായെന്നും ഇന്നത്തെ വർക്കൗട്ട് ആവേശകരമായിരുന്നു എന്നുമാണ് ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചത്. പിന്നാലെ വ്യത്യസ്‌തമായ, രസികൻ കമന്‍റുകളുമായി ആരാധകരും എത്തി. ടൊവിനോ നായകനായെത്തിയ 'മിന്നൽ മുരളി' എന്ന ചിത്രത്തെ ബന്ധിപ്പിച്ചാണ് ഭൂരിഭാഗം കമന്‍റുകളും.
'മിന്നൽ മുരളിയും സ്‌പിന്നർ മുരളിയും', 'നാട്ടുകാരെ ഓടിവരണേ ജിമ്മിന് തീ പിടിച്ചേ', 'മിന്നൽ മുരളിക്കൊപ്പം സ്‌പിന്നർ മുരളി' എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്‍റുകൾ. മുത്തയ്യ മുരളീധരന്‍റെ ജീവിതകഥ പറഞ്ഞ '800' എന്ന ചിത്രത്തെ കുറിച്ചും ആളുകൾ കമന്‍റ് ചെയ്യുന്നുണ്ട്.
ഒക്‌ടോബർ 6ന് പ്രദർശനത്തിനെത്തിയ '800' അടുത്തിടെയാണ് ഒടിടിയിലൂടെ റിലീസ് ചെയ്‌തത്. സ്ലം ഡോഗ് മില്യണയര്‍ (Slumdog Millionaire) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ മധുർ മിറ്റാലാണ് ചിത്രത്തിൽ മുരളീധരനായി വേഷമിട്ടത്. ശ്രീപതി ആയിരുന്നു സംവിധാനം.
മലയാളി താരം മഹിമ നമ്പ്യാരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മധി മലർ എന്ന കഥാപാത്രത്തെയാണ് മഹിമ നമ്പ്യാർ ചിത്രത്തിൽ അവതരിപ്പിച്ചത്. നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്‌ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. മൂവി ട്രെയിൻ മോഷൻ പിക്‌ചേഴ്‌സും വിവേക് രംഗാചാരിയും ചേർന്ന് നിര്‍മിച്ച ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായാണ് പ്രധാനമായും നടന്നത്.
READ MORE:മുത്തയ്യ മുരളീധരന്‍റെ ജീവിതം പറഞ്ഞ '800' ജിയോ സിനിമയിൽ; സൗജന്യമായി ആസ്വദിക്കാം
അതേസമയം നിരവധി സിനിമകളാണ് ടൊവിനോയുടേതായി റിലീസ് കാത്തിരിക്കുന്നത്. 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയായ 'നടികർ തിലക'ത്തിൽ ടൊവിനോയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അണിയറക്കാർ പുറത്തുവിട്ടത് (Tovino Thomas starrer Nadikar Thilakam).
READ MORE:ടൊവിനോയുടെ 'നടികർ തിലക'ത്തിന് പാക്കപ്പ്; ഫസ്റ്റ് ലുക്ക് ഉടൻ
സിനിമയിലെ പ്രധാന താരങ്ങളും അണിയറക്കാരും ചേർന്നുള്ള ഫോട്ടോയും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചാണ് ചിത്രത്തിന്‍റെ നിർമാണം വിജയകരമായി പൂർത്തിയായ വിവരം സംവിധായകൻ അറിയിച്ചത്. 'മിന്നല്‍ മുരളി', 'തല്ലുമാല', 'അദൃശ്യ ജാലകങ്ങള്‍' എന്നിവയ്‌ക്ക് ശേഷം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നടികർ തിലക'ത്തിൽ സൗബിൻ ഷാഹിറും ഭാവനയും നിർണായക വേഷങ്ങളിലുണ്ട്.