ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം' (എആര്‍എം). ചിത്രത്തിലെ കള്ളന്‍ മണിയന്‍ എന്ന ടൊവിനോ കഥാപാത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
'ചോതിക്കാവിലെ കള്ളന്‍ മണിയനെ അനാവരണം ചെയ്യുന്നു' എന്ന് കുറിച്ചുകൊണ്ടാണ് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. ടൊവിനോ തോമസിന്‍റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പോസ്‌റ്റര്‍ റിലീസ്. ടൊവിനോ തോമസും തന്‍റെ ഫേസ്‌ബുക്ക് പേജില്‍ ഇത് പങ്കുവച്ചിട്ടുണ്ട്.
ടൊവിനോ ഇതാദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് വ്യത്യസ്‌ത കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്.
അറുപത് കോടി മുതല്‍ മുടക്കില്‍ ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയില്‍ നിന്നുള്ള ആദ്യ ഗ്ലോബല്‍ റിലീസ് കൂടിയാണീ ചിത്രം. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
Also Read:'പേരില്ലാത്ത ആ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ സന്തോഷം'; മേക്കോവറില്‍ ഞെട്ടിച്ച് ടൊവിനോ
ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്‌മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ശിവജിത്ത് പത്മനാഭന്‍, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്‌ടര്‍ ദിബു നൈനാന്‍ തോമസ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രവീണ്‍ വര്‍മയാണ് കോസ്‌റ്റ്യൂം ഡിസൈനര്‍. റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കും.